കൊച്ചി: മുൻ ഡിജിപി ആർ ശ്രീലേഖയുടെ ഏറ്റവും പുതിയ യുട്യൂബ് വ്‌ളോഗ് വിവാദത്തിൽ. 2005 ൽ എറണാകുളത്ത് ഡിഐജി ആയിരിക്കെ ആലുവ തൃക്കുന്നത്ത് സെമിനാരിയിൽ നിന്ന് യാക്കോബായ വിഭാഗത്തെ ബലപ്രയോഗത്തിലൂടെ ഒഴിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് ശ്രീലേഖയുടെ പരാമർശങ്ങൾ.
എന്തൊക്കെ പ്രശ്‌നങ്ങൾ ഉണ്ടാക്കാമോ അതുണ്ടാക്കി അവകാശങ്ങൾ നേടിയെടുക്കന്നവരാണ് യാക്കോബായ വിഭാഗമെന്നാണ് വ്‌ളോഗിലുളളത്. സസ്‌നേഹം ശ്രീലേഖയെന്ന യുട്യൂബ് വ്‌ലോഗിൻറെ തൊണ്ണൂറ്റിയൊന്നാമത് എപ്പിസോഡിലാണ് ശ്രീലേഖയുടെ വിവാദ പരാമർശങ്ങൾ.
ആലുവ തൃക്കുന്നന്നത് സെമിനാരിയിൽ 2005 ജൂലൈയിൽ വൈദികരടക്കമുളള യാക്കോബായ വിഭാഗം പൂട്ടുപൊളിച്ച് അകത്തുകയറി. അവരെ പുറത്തിറക്കാൻ ബലം പ്രയോഗിക്കേണ്ടിവന്നെന്നും വ്ളോഗിലുണ്ട്. പ്രശ്നങ്ങളുണ്ടാക്കുകയും അതുവഴി മാധ്യമശ്രദ്ധ നേടുകയും ചെയ്യുന്ന രീതി വർഷങ്ങളായി തുടരുന്നവരാണ് യാക്കോബായക്കാർ എന്ന ഇന്‍റലിജൻസ് റിപ്പോർട്ടും തനിക്കുണ്ടായിരുന്നു.
പളളിക്കുളളിൽനിന്ന് ഒഴിഞ്ഞ മദ്യക്കുപ്പികളും ബിയർ കുപ്പികളും പൊലീസിനേ നെരെയെറിഞ്ഞു. ഒടുവിൽ ബലം പ്രയോഗിച്ച് എ ആർ കാമ്പിലെത്തിച്ച വൈദികരടക്കമുളളവരോട് മര്യാദയോടെ തങ്ങൾ പെരുമാറിയത്. എന്നാൽ പൊലീസ് മൂന്നാം മുറ പ്രയോഗിച്ചെന്നാരോപിച്ച് സംഭവത്തെ വഴിതിരിച്ചുവിടാനും യാക്കോബായ വിഭാഗം ശ്രമിച്ചെന്നും വ്ലോഗിലുണ്ട്.
അതേസമയം, ഇതിനെതിരെ യാക്കോബായ സഭ രംഗത്തെത്തി. ശ്രീലേഖയുടെ പരാമർശങ്ങൾ ചരിത്രയും യാഥാർഥ്യങ്ങളും വളച്ചൊടിക്കുന്നതാണെന്ന് യാക്കോബായ സഭ കുറ്റപ്പെടുത്തി. ശ്രീലേഖയ്ക്കെതിരെ നിയമ നിയമനടപടി സ്വീകരിക്കുന്ന കാര്യം അടുത്ത സൂനഹദോസ് പരിഗണിക്കും.