തിരുവനന്തപുരം വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ ഇന്ന് അഞ്ചു മണിക്കൂര്‍ നേരം നിര്‍ത്തിവെക്കും. പത്മനാഭസ്വാമി ക്ഷേത്രത്തിലെ അല്‍പശി ആറാട്ട് ഘോഷയാത്രയോട് അനുബന്ധിച്ചാണ് നവംബര്‍ ഒന്നിന് വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുന്നത്. ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകള്‍ വൈകിട്ട് നാല് മണി മുതല്‍ രാത്രി ഒമ്പത് മണി വരെ പ്രവര്‍ത്തിക്കില്ല. ഇതിന്റെ ഭാഗമായി വിമാന സര്‍വീസുകള്‍ പുനഃക്രമീകരിച്ചിട്ടുണ്ടെന്നും പുതുക്കിയ സമയക്രമം അതത് വിമാന കമ്പനികളില്‍ നിന്ന് ലഭ്യമാകുമെന്നും അധികൃതര്‍ അറിയിച്ചു.
പദ്മനാഭ സ്തുതികളുമായി ആയിരങ്ങളാണ് ഘോഷയാത്ര കാണാനെത്തുന്നത്. ദീപാരാധന കഴിഞ്ഞാണ് ആറാട്ട് എഴുന്നള്ളിപ്പ്. ക്ഷേത്രം വക ഗജവീരന്‍ മുമ്പിലും തൊട്ടു പിന്നില്‍ തിരുവിതാംകൂര്‍ സൈന്യം ടിപ്പുസുല്‍ത്താന്റെ സൈന്യത്തെ തുരത്തിയോടിച്ചപ്പോള്‍ പിടിച്ചെടുത്ത പച്ചനിറത്തിലുള്ള കോടിയേന്തിയ ഗജവീരനും പിന്നാലെ അശ്വാരൂഢ സേന, വാളും പരിചയും ധരിച്ച നായര്‍ പടയാളികള്‍, ഗരുഡവാഹനത്തില്‍ ശ്രീ പദ്മനാഭസ്വാമിയേയും നരസിംഹമൂര്‍ത്തിയേയും ശ്രീകൃഷ്ണസ്വാമിയേയും പുറത്തേയ്‌ക്കെഴുന്നെള്ളിക്കും.
ക്ഷേത്ര സ്ഥാനി മൂലം തിരുന്നാള്‍ രാമവര്‍മ ഉടവാളുമേന്തി വിഗ്രഹങ്ങള്‍ക്ക് അകമ്പടി സേവിക്കും. തിരുവല്ലം പരശുരാമ ക്ഷത്രം, നടുവത്ത് മഹാവിഷ്ണു ക്ഷത്രം, അരകത്ത് ദേവി ക്ഷേത്രം, ചെറിയ ഉദ്ദേശ്വരം ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നുള്ള വിഗ്രഹങ്ങളും ഒപ്പം ചേരും.
വള്ളക്കടവില്‍ മുസ്‌ലിം സമുദായാംഗങ്ങളുടെ ഹാര്‍ദമായ വരവേല്‍പ്പുണ്ടാകും. വിമാനത്താവളത്തിനകത്തു കൂടി ശംഖുമുഖത്തേയ്ക്കാണ് ആറാട്ടു ഘോഷയാത്ര കടന്നു പോകുന്നത്. മൂന്നു തവണ കടലില്‍ ആറാടിയ ശേഷം ഘോഷയാത്ര തിരികെ ക്ഷേത്രത്തിലേക്ക് തിരിക്കും.