സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സ്ഥാപിച്ചിട്ടുളള ക്ലോസ് സര്‍ക്യൂട്ട് ടി.വി ക്യാമറകളുടെയും ഓഡിറ്റിംഗ് നടത്താന്‍ പൊലീസ്. എല്ലാ ജില്ലകളിലെയും പ്രധാന കേന്ദ്രങ്ങളും തെരുവുകളും സിസിടിവി പരിധിയില്‍ ലഭ്യമാക്കുന്നതിനുള്ള നടപടി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ പൊലീസ് ഏകോപിപ്പിക്കും. ഇതിന് ആവശ്യമായ നിര്‍ദ്ദേശം സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് ജില്ലാ മേധാവിമാര്‍ക്ക് നല്‍കി. പൊലീസിന്‍റെ നിയന്ത്രണത്തിലുളള സിസിടിവി ക്യാമറകളുടെ എണ്ണം, ഇനം, സ്ഥാപിച്ചിരിക്കുന്ന സ്ഥലം, പൊലീസ് സ്റ്റേഷന്‍, പ്രവര്‍ത്തനരഹിതം എങ്കില്‍ അതിനുളള കാരണം എന്നിവ ജില്ലാ ക്രൈം റിക്കോര്‍ഡ്സ് ബ്യൂറോയും കണ്‍ട്രോള്‍ റൂമും അതത് പൊലീസ് സ്റ്റേഷന്‍ അധികൃതരും ശേഖരിച്ച് സൂക്ഷിക്കും.പൊലീസ് കണ്‍ട്രോള്‍ റൂമിലും സ്റ്റേഷനുകളിലും ഫീഡ് ലഭ്യമായ ക്യാമറകളുടെ വിവരങ്ങളും ശേഖരിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്ഥാപിച്ചിട്ടുളള സിസിടിവി ക്യാമറകളുടെ വിവരങ്ങള്‍ ശേഖരിക്കാനും നിര്‍ദ്ദേശമുണ്ട്.
പൊലീസിന്‍റെ ക്യാമറകളില്‍ പ്രവര്‍ത്തനരഹിതമായവ ഉടനടി അറ്റകുറ്റപ്പണി നടത്തി പ്രവര്‍ത്തനക്ഷമമാകാന്‍ നടപടി സ്വീകരിക്കും. തദ്ദേശ സ്ഥാപനങ്ങളുടെയും മറ്റ് വകുപ്പുകളുടെയും ക്യാമറകളില്‍ കേടായത് നന്നാക്കാന്‍ അതത് വകുപ്പുകളോട് അഭ്യര്‍ത്ഥിക്കും.പൊതുസ്ഥലങ്ങളിലും വ്യാപാരസ്ഥാപനങ്ങളിലും സ്ഥാപിച്ചിട്ടുളള സിസിടിവി ക്യാമറകളുടെ വിവരങ്ങള്‍ അതത് സ്റ്റേഷനുകളില്‍ ശേഖരിച്ച് സൂക്ഷിക്കും.