തിരുവനന്തപുരം: തിരുവനന്തപുരം മ്യൂസിയത്തില്‍ നടക്കാനിറങ്ങിയ സ്ത്രീയെ ആക്രമിച്ച കേസ് അന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. കന്‍റോൺമെന്‍റ് അസിസ്‌റ്റന്‍റ് കമ്മീഷണറെ അന്വേഷണ ഉദ്യോഗസ്ഥനാക്കിയുള്ള പ്രത്യേക അന്വേഷണ സംഘമാണ് രൂപീകരിച്ചത്. ഡിസിപി അജിത്ത് കുമാർ കേസന്വേഷണത്തിന് മേൽനോട്ടം വഹിക്കും. എഡിജിപി എം ആർ അജിത് കുമാറാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.
കൻ്റോണ്മെൻ്റ് എസിപി ദിനരാജ്, മ്യൂസിയം എസ്എച്ച്ഒ സിഎസ് ധർമജിത്ത്, എസ്ഐമാരായ ജിതികുമാർ, ആർ അജിത്ത് കുമാർ തുടങ്ങിയ ആളുകളാവും സംഘത്തിലെ പ്രധാനികൾ. മ്യൂസിയം സ്റ്റേഷൻ സിഐയും എസ് ഐയുമാണ് നേരത്തെ കേസ് അന്വേഷിച്ചിരുന്നത്. തിരുവനന്തപുരം ഡിസിപിയ്ക്കാണ് അന്വേഷണ ചുമതല. സംഭവം നടന്ന് അഞ്ച് ദിവസമായിട്ടും പ്രതിയെ പിടികൂടാൻ സാധിക്കാത്തതിനാലാണ് പുതിയ നടപടി.
മ്യൂസിയത്തും കുറവൻകോണത്തും അക്രമം നടത്തിയത് രണ്ട് പേരെന്നാണ് പൊലീസിന്റെ പ്രാഥമിക സ്ഥിരീകരണം. മ്യൂസിയത്ത് സ്ത്രീയെ അക്രമിച്ചയാൾ ഉയരമുള്ള വ്യക്തി. ശാരീരിക ക്ഷമതയുള്ളയാളാണ് മ്യൂസിയം ആക്രമണത്തിന് പിന്നിലെന്നാണ് സ്ഥിരീകരണം. സി.സി.ടി.വി ദൃശ്യങ്ങളിൽ ലഭിച്ച ചിത്രങ്ങൾ പരിശോധിച്ചാണ് ഉയരം വിലയിരുത്തിയത്. കുറവൻകോണത്ത് അക്രമം നടത്തിയ ആൾക്ക് മറ്റൊരു ശാരീരിക രൂപമെന്നുമാണ് നിഗമനം.