തിരുവനന്തപുരം: മ്യൂസിയത്തിൽ യുവതിയെ ആക്രമിച്ചതും കുറുവൻകോണത്ത് വീട്ടില്‍ കയറിയും ഒരാളല്ലെന്നും പോലീസ്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഈ നിഗമനത്തിലെത്തിയത്. രണ്ടുപേർക്കും രണ്ടു ശരീരഘടനയാണുള്ളത്.
സ്ത്രീയെ ആക്രമിച്ചത് ഉയരമുള്ള ശരീരകക്ഷമതയുള്ള ആളാണ്. കുറുവൻകോണത്ത് വീട്ടിൽ കയറാൻ ശ്രമിച്ചയാളുടെ ശരീരിക ഘടന മറ്റൊന്നാണ്. കുറവൻകോണത്ത് പ്രതി വീട്ടില്‍ കയറിയതിന് മണിക്കൂറുകള്‍ക്ക് പിന്നാലെയാണ് മ്യൂസിയം പരിസരത്ത് യുവതിക്ക് നേരെ ആക്രമണം നടന്നത്.
കഴിഞ്ഞ ചൊവ്വാഴ്ച്ച രാത്രിയാണ് പ്രതി കുറവന്‍കോണത്തെ വീട്ടില്‍ കയറാന്‍ ശ്രമിച്ചത്. രാത്രി 9.45 മുതൽ പ്രതി വീടിന്‍റെ പരിസരത്തുണ്ട്. അർദ്ധരാത്രി 11.30 നാണ് അതിക്രമിച്ച് കയറാൻ ശ്രമിച്ചത്. തിരികെപ്പോയി വീണ്ടുമെത്തിയ ശേഷമാണ് വീടിന്‍റെ മുകൾനിലയിലേക്കുള്ള ഗേറ്റിന്‍റെയും മുകൾനിലയിലെ ഗ്രില്ലിന്‍റെയും പൂട്ടുതകർത്തത്. ജനലും തകർക്കാൻ ശ്രമിച്ചു. മൂന്നര വരെ ഇയാൾ ഇവിടെ തന്നെയുണ്ടായിരുന്നു. പിന്നാലെയാണ് മ്യൂസിയത്ത് ലൈംഗികാതിക്രമം നടത്തിയ ആൾതന്നെയല്ലേ ഇതെന്ന സംശയം ബലപ്പെട്ടത്.
അതേസമയം കുറവൻർകോണത്തെ വീട്ടിൽ ചൊവ്വാഴ്ച്ച നടന്നതിന് സമാനമായ രീതിയിൽ ഇന്നലെ രാത്രിയും അതിക്രമം നടന്നു. ചൊവ്വാഴ്ച്ച രാത്രി അതിക്രമം നടത്തിയ അതേയാൾ ഇന്നലെ രാത്രിയും ഈ വീട്ടിലെത്തി. സി സി ടി വി യി ൽ ഇയാളുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. എന്നാൽ മുഖം മറച്ചാണ് യുവാവ് പ്രത്യക്ഷപ്പെടുന്നത്. കഴിഞ്ഞദിവസം കണ്ട അതേ ആളാണ് ഇന്നലെ രാത്രിയും വീട്ടിലെത്തിയതെന്നാണ് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്.
അതേസമയം, മ്യൂസിയം വളപ്പില്‍ പ്രഭാതസവാരിക്കിടെ സ്ത്രീയെ ആക്രമിച്ച കേസില്‍ ഒരാളെ കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യംചെയ്യുന്നു.
സംശയമുള്ള ഏഴു പേരെ കസ്റ്റഡിയിലെടുത്തു. തിരിച്ചറിയൽ പരേഡ് നടത്തിയെങ്കിലും പരാതിക്കാരി ആരേയും തിരിച്ചറിഞ്ഞില്ല. ഇവരെ പിന്നീട് വിട്ടയച്ചു. അതേസമയം പ്രതിയെന്ന് സംശയിക്കുന്നയാളുടെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നു.