ഹൈദരാബാദ്: തങ്ങളുടെ നാല് എം.എല്‍.എമാരെ വിലയ്ക്കുവാങ്ങാന്‍ ‘ഡല്‍ഹി ബ്രോക്കര്‍മാര്‍’ ശ്രമിച്ചുവെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു. മനുഗോഡ് ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോഴായിരുന്നു കെ.സി.ആറിന്റെ വെളിപ്പെടുത്തല്‍.
തങ്ങളുടെ 20 മുതല്‍ 30 വരെ എം.എല്‍.എമാരെ പണം നല്കി സ്വന്തമാക്കാനാണ് ബി.ജെ.പി. ശ്രമിച്ചതെന്നും അദ്ദേഹം ആരോപിച്ചു. പണം നിരസിച്ച എം.എല്‍.എമാരെ ചന്ദ്രശേഖര്‍ റാവു പ്രചാരണ പരിപാടിയില്‍ പരിചയപ്പെടുത്തുകയും അനുമോദിക്കുകയും ചെയ്തു.
എത്ര കൂടുതല്‍ അധികാരമാണ് താങ്കള്‍ക്ക് വേണ്ടതെന്നും എന്തിനാണ് ഈ ക്രൂരതയെന്നും പ്രധാനമന്ത്രിയുടെ പേരെടുത്തുപറഞ്ഞുകൊണ്ട് തെലങ്കാന മുഖ്യമന്ത്രി ചോദിച്ചു. ‘നിലവില്‍ തന്നെ രണ്ടുവട്ടം തിരഞ്ഞെടുക്കപ്പെട്ടു. എന്നിട്ടും എന്തിനാണ് സര്‍ക്കാരുകളെ അട്ടിമറിക്കുന്നത്’, കെ.സി.ആര്. ചോദിച്ചു.
നാലു ടി.ആര്.എസ്. എം.എല്‍.എമാര്‍ക്ക് പണം നല്കാന് ശ്രമിച്ചുവെന്ന് ആരോപിച്ച് മൂന്നുപേരെ ഹൈദരാബാദ് പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. അസീസ് നഗറിലുള്ള ടി.ആര്.എസ്. എം.എല്‍.എയുടെ തന്നെ ഫാം ഹൗസില്‍ നിന്നായിരുന്നു ഇവരെ കസ്റ്റഡിയില്‍ എടുത്തത്.