മോർബി: ഗുജറാത്തിൽ തൂക്കുപാലം തകർന്നുവീണ് 32 പേർ മരിച്ചു. മച്ചു നദിക്ക് കുറുകെയുള്ള തൂക്കുപാലമാണ് തകർന്നത്. പാലത്തിലുണ്ടായിരുന്ന ഒട്ടേറെ ആളുകൾ നദിയിൽ വീണതായാണ് വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
പാലത്തിലും സമീപത്തുമായി നാനൂറോളം പേർ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. അഞ്ച് ദിവസം മുൻപ് അറ്റകുറ്റപ്പണി പൂർത്തിയാക്കിയ പാലമാണ് തകർന്നു വീണത്.
അപകടത്തിൽപ്പെട്ടവരിൽ നിരവധി വിനോദസഞ്ചാരികൾ ഉണ്ടാകുമെന്ന് ചില പ്രാദേശിക റിപ്പോർട്ടുകൾ പറയുന്നു.
പരിക്കേറ്റവരെ ആശുപത്രികളിലെത്തിക്കാൻ ആംബുലൻസുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഈ സമയം പാലത്തിൽ 400 ഓളം പേർ ഉണ്ടായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും മരിച്ചവരുടെ കുടുംബത്തിന് ധനസഹായവും പരിക്കേറ്റവർക്ക് സഹായവും പ്രഖ്യാപിച്ചു.
അപകടത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായും മറ്റ് ഉദ്യോഗസ്ഥരുമായും സംസാരിച്ചു. രക്ഷാപ്രവർത്തനത്തിനായി ടീമുകളെ അടിയന്തരമായി അണിനിരത്തണമെന്ന് മോദി ആവശ്യപ്പെട്ടതായി പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) പ്രസ്താവനയിൽ പറഞ്ഞു.
“സ്ഥിതിഗതികൾ സൂക്ഷ്മമായും നിരന്തരമായും നിരീക്ഷിക്കണമെന്നും ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്,” പിഎംഒ പ്രസ്താവനയിൽ പറഞ്ഞു.