തിരുവനന്തപുരം: പാറശ്ശാലയിലെ ഷാരോണ്‍ കൊലപാതകത്തില്‍ കുറ്റംസമ്മതിച്ച ഗ്രീഷ്മയുടെ മാതാപിതാക്കളെയും ചോദ്യം ചെയ്യുന്നു. വിഷം സംഘടിപ്പിച്ചതിൽ കൂടുതൽ അന്വേഷണം നടത്താനാണ് പൊലീസിന്‍റെ തീരുമാനം. ഗ്രീഷ്മയുടെ മാതാപിതാക്കള്‍ക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്ന് ഷാരോണിന്‍റെ അച്ഛന്‍ ആരോപിക്കുന്നു.
ഇതിന് മുമ്പ് ഒരുപാട് പ്രാവശ്യം ഷാരോണിന് ഗ്രീഷ്മ ജ്യൂസ് കൊടുത്തിട്ടുണ്ട്. ഒരു വാക്ക് മകൻ പറഞ്ഞിരുന്നെങ്കിൽ, അവൻ പറഞ്ഞില്ല. ഇടയ്ക്കൊക്കെ ഓക്കാനം വരുമെന്ന് അവൻ പറയുമായിരുന്നു. അവസാനമായി ഗ്രീഷ്മയെ കാണാന്‍ പോയത് വർക്ക് ബുക്ക് വാങ്ങാൻ വേണ്ടിയായിരുന്നു. ഉടൻ വരുമെന്ന് പറഞ്ഞായിരുന്നു പോയത്. പോകണ്ടെന്ന് പറഞ്ഞതാണ്, ഷാരോണിന്‍റെ പിതാവ് വ്യക്തമാക്കി.
പെൺകുട്ടിയുടെ ഫോട്ടോകൾ ഷാരോണിന്റെ കൈയിൽ ഉണ്ടായിരുന്നു. അത് തിരികെ വാങ്ങാൻ വേണ്ടിയാണ് വിവാഹ നിശ്ചയം കഴിഞ്ഞ ശേഷം വീണ്ടും ചാറ്റ് ചെയ്ത് ഷാരോണിനെ വിളിച്ചു വരുത്തിയത്. ഗ്രീഷ്മയ്ക്ക് ജാതകദോഷം ഉണ്ട് എന്ന കാര്യം ഷാരോൺ തന്നെയാണ് വീട്ടിൽ പറഞ്ഞത്. ഒക്ടോബറിന് മുമ്പ് വിവാഹം കഴിഞ്ഞാൽ ആദ്യത്തെ ഭർത്താവ് മരിച്ചുപോകുമെന്നായിരുന്നു ഷാരോൺ പറഞ്ഞത്. അതുകൊണ്ട് അത് കഴിഞ്ഞ് വിവാഹം ചെയ്യാമെന്നായിരുന്നു തീരുമാനിച്ചിരുന്നത്. അവർ കൊന്നതാണ്, ആദ്യ ഭർത്താവ് മരിച്ചശേഷം രണ്ടാമത്തെ ഭർത്താവിനൊപ്പം ജീവിക്കാൻ വേണ്ടി എന്റെ മകനെ കൊന്നതാണ്, ഷാരോണിന്‍ പിതാവ് പറഞ്ഞു.
എട്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഷാരോണിന്റെ മരണം കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തിയത്. ജ്യൂസിലും കഷായത്തിലും വിഷം കലർത്തിയാണ് ഷാരോണിനെ കൊലപ്പെടുത്തിയത്. ഈ മാസം 14നാണ് സുഹൃത്ത് റിജിനൊപ്പം ഷാരോൺ ഗ്രീഷ്മയുടെ വീട്ടിലെത്തിയത്. റിജിനെ പുറത്തുനിർത്തി പെൺകുട്ടിയുടെ വീട്ടിലേക്ക് പോയ ഷാരോൺ ഛർദിച്ച് അവശനായാണ് തിരിച്ചുവന്നത്. പെൺകുട്ടി നൽകിയ ജ്യൂസ് കുടിച്ചതായി ഷാരോൺ സുഹൃത്തിനോട് പറഞ്ഞിരുന്നു.
അടുത്ത ദിവസം ഷാരോണിന്റെ വായ്ക്കുള്ളിൽ വ്രണങ്ങൾ പ്രത്യക്ഷപ്പെട്ടു. 17-ാം തിയ്യതിയാണ് ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് ഷാരോണിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡോക്ടർമാർ നിരവധി തവണ ചോദിച്ചെങ്കിലും ജ്യൂസ് കുടിച്ചെന്ന് മാത്രമാണ് ഷാരോൺ പറഞ്ഞത്. ഒക്ടോബർ 19ന് സ്ഥിതി കൂടുതൽ വഷളായതോടെയാണ് കഷായവും കുടിച്ചിരുന്നതായി ഷാരോൺ വെളിപ്പെടുത്തിയത്.