തൃശൂർ: കോയന്പത്തൂർ കാർ സ്ഫോടനത്തിൽ ഉൾപ്പെട്ടവർ വിയ്യൂർ ജയിലിൽ കഴിയുന്ന പ്രതികളുമായി ബന്ധപ്പെട്ടിരുന്നുവെന്ന് സ്ഥിരീകരിച്ചതോടെ കേസന്വേഷിക്കുന്ന എൻഐഎ സംഘം വിയ്യൂർ ജയിലിലെത്തി വിശദമായ അന്വേഷണം നടത്തും.
ശ്രീലങ്കയിലെ ഈസ്റ്റർ സ്ഫോടന പരന്പരയുടെ സൂത്രധാരൻമാരെ വിയ്യൂർ ജയിലിലെത്തി കോയന്പത്തൂരിൽ അറസ്റ്റിലായ പ്രതികൾ മുന്പ് കണ്ടിരുന്നുവെന്ന സ്ഥിരീകരണം വന്നതോടെയാണ് എൻഐഎ സംഘം തൃശൂർ വിയ്യൂരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നത്. വിയ്യൂർ ജയിലിൽ കഴിയുന്നവരുടെ നിർദ്ദേശപ്രകാരമാണോ കോയന്പത്തൂരിലെ സ്ഫോടനമെന്നും അന്വേഷിക്കും.
കാർ സ്ഫോടനമുണ്ടായ ഉടൻ തമിഴ്നാട് പോലീസും അനൗദ്യോഗികമായി എൻഐഎയും വിയ്യൂർ ജയിലിൽ അന്വേഷിച്ചിരുന്നു. പ്രാഥമികന്വേഷണത്തിൽ ദുരൂഹതകളൊന്നും കണ്ടെത്താനായില്ലെങ്കിലും അന്വേഷണം അവസാനിപ്പിച്ചിരുന്നില്ല.