തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ വനിതാ ഡോക്ടറെ തല്ലിയ രോഗി കസ്റ്റഡിയിൽ. മൂത്രത്തില്‍ കല്ലിന് ചികിത്സയ്ക്കെത്തിയ വസീം എന്നയാളാണ് സർജറി വിഭാഗത്തിലെ ഡോക്ടർ സി.എം.ശോഭയെ മര്‍ദിച്ചത്. ഇയാളെ കന്റോണ്‍മെന്റ് പോലീസ് കസ്റ്റഡിയിലെടുത്തു.
സർജറി ഒപിയിൽ വൃക്കയിലെ കല്ലിന് ചികിൽസ തേടിയെത്തിയതായിരുന്നു രോഗി. ഇയാളോട് അഡ്മിറ്റാവാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് അക്രമാസക്തനായ ഇയാള്‍ ഡോക്ടറെ തല്ലുകയായിരുന്നെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
തലയ്ക്കു നേരെ വന്ന അടി തടുത്തപ്പോഴാണ് കൈയ്ക്ക് പരുക്കേറ്റത്. ഡോക്ടർ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമിച്ചയാൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്ന് ശോഭ ആവശ്യപ്പെട്ടു. ആത്മാർഥമായി ജോലി ചെയ്യുമ്പോൾ ആളുകൾ ഇത്തരത്തിൽ പ്രവർത്തിക്കുന്നത് സമാധാനാന്തരീക്ഷം തകർക്കുമെന്നും അവർ പറഞ്ഞു.