പൊതുമേഖല സ്ഥാപനമായ കഴിഞ്ഞ ഏഴ് മാസമായി കേരള സർക്കാരിന് കീഴിലെ സ്ഥാപനമായ ട്രാക്കോ കേബിൾ കമ്പനി പ്രവർത്തനം നിലച്ചു.പ്രവർത്തന മൂലധനം ഇല്ലാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് മനേജ്മെന്റിന്റെ വിശദീകരണം. ഇതോടെ ശമ്പളവും ആനുകൂല്യങ്ങളും മുടങ്ങിയ സാഹചര്യത്തിൽ സമരത്തിനൊരുങ്ങുകയാണ് തൊഴിലാളികൾ.വ്യവസായ വകുപ്പിന്റെ ഇടപെടൽ അടിയന്തരമായി വേണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
കെഎസ്ഇബിക്ക് വേണ്ട ഉന്നത നിലവാരമുള്ള എസി, എസ്ആർ, എൽടി, യുജി കേബിളുകൾ വാങ്ങിയിരുന്നത് ട്രാക്കോ കേബിൾസിൽ നിന്നാണ്. മൂലധനം ഇല്ലാതെ വന്നതോടെ കെഎസ്ഇബിക്ക് വേണ്ട കേബിൾ പൂർണമായും ഉത്പാദിപ്പിക്കാൻ കമ്പനിക്ക് കഴിഞ്ഞില്ല. ഇതോടെ കെഎസ്ഇബി കരാർ റദ്ദാക്കി പുറത്ത് നിന്ന് കേബിൾ വാങ്ങാൻ തുടങ്ങി. അഞ്ഞൂറുലധികം തൊഴിലാളികളാണ് കമ്പനിയിലുള്ളത്. പ്രതിസന്ധി പരിഹരിക്കണമെന്ന ആവശ്യവുമായി തൊഴിലാളി യൂണിയനുകൾ മാനേജ്മെന്റിനെ സമീപിച്ചെങ്കിലും ചർച്ച നടന്നില്ല.
എറണാകുളം ജില്ലയിലെ ഇരുമ്പനത്തും, പത്തനംതിട്ടയിലെ തിരുല്ലയിലും, കണ്ണൂരിലെ പിണറായിലുമായി മൂന്ന് യൂണിറ്റുകളാണ് കമ്പനിക്കുള്ളത്. കോടി കണക്കിന് രൂപയുടെ വിറ്റു വരവുണ്ടായിരുന്ന സ്ഥാപനമാണിത്.എന്നാൽ ഇപ്പോൾ പിണറായിയിലെ യൂണിറ്റ് ഒഴിച്ച് ബാക്കി രണ്ടിടത്തും കമ്പനിയുടെ പ്രവർത്തനം നിലച്ച മട്ടിലാണ്.