മയക്കുമരുന്നിനെതിരെ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ശൃംഖലയ്ക്കായി നാടൊരുങ്ങിയെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. സംസ്ഥാനത്തെങ്ങും നവംബർ ഒന്നിന് വൈകിട്ട് മൂന്ന് മണിക്കാണ് ശൃംഖല. ഓരോ വാർഡിലെയും വിദ്യാലയങ്ങളും ഓഫീസുകളും കേന്ദ്രീകരിച്ചാണ് ശൃംഖല തീർക്കുന്നത്. വിദ്യാലയങ്ങളില്ലാത്ത വാർഡുകളിൽ പ്രധാന കേന്ദ്രത്തിൽ ശൃംഖല തീർക്കും. ഇതിന് പുറമേ സംസ്ഥാനത്തെ ഏറ്റവും പ്രധാന കേന്ദ്രങ്ങളിലും ലഹരി വിരുദ്ധ ശൃംഖല സംഘടിപ്പിക്കുന്നുണ്ട്. തിരുവനന്തപുരം നഗരത്തിൽ നടക്കുന്ന ലഹരി വിരുദ്ധ ശൃംഖലയിൽ, പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഗാന്ധി പാര്‍ക്ക് മുതല്‍ അയ്യന്‍കാളി സ്ക്വയര്‍ വരെ അഞ്ച് കിലോമീറ്ററോളം നീളുന്ന ശൃംഖലയിൽ മന്ത്രിമാരും ജനപ്രതിനിധികളും കാൽ ലക്ഷത്തോളം വിദ്യാർത്ഥികളും പൊതുജനങ്ങളും കണ്ണിചേരും. സ്കൂളുകളിലെ പരിപാടികളിൽ വിദ്യാർത്ഥികൾക്കൊപ്പം, രക്ഷിതാക്കൾ അധ്യാപകർ ജീവനക്കാർ വ്യാപാരികൾ കുടുംബശ്രീ പ്രവർത്തകർ ജനപ്രതിനിധികൾ നാട്ടുകാർ തുടങ്ങിയവരും പങ്കാളികളാകും. മയക്കുമരുന്നിനെതിരെയുള്ള കേരളത്തിന്റെ ഈ പോരാട്ടത്തിൽ പങ്കാളികളാകാൻ ഓരോ വ്യക്തിയും തയ്യാറാകണമെന്ന് മന്ത്രി എം ബി രാജേഷ് അഭ്യർത്ഥിച്ചു. യുവാക്കളെയും വിദ്യാർത്ഥികളെയും ലഹരിയുടെ വിപത്തിൽ നിന്ന് രക്ഷിക്കാനുള്ള ഈ യുദ്ധത്തിൽ കേരളത്തിന് ജയിച്ചേ പറ്റൂ. ആഗോളാടിസ്ഥാനത്തിൽ തന്നെ മയക്കുമരുന്നിനെതിരെയുള്ള ഏറ്റവും വലിയ ജനമുന്നേറ്റത്തിനാണ് കേരളം സാക്ഷ്യം വഹിക്കാൻ പോകുന്നത്. ഒരേ സമയം ഇത്രയുമധികമാളുകൾ മയക്കുമരുന്നിനെതിരെ അണിചേരുന്നത് ലോകത്ത് തന്നെ അപൂർവ്വമായിരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഒക്ടോബർ ആറിന് ആരംഭിച്ച ക്യാമ്പയിന്റെ ആദ്യഘട്ടമാണ് നവംബർ ഒന്നിന് നടക്കുന്ന ശൃംഖലയോടെ സമാപിക്കുന്നത്. നവംബർ ഒന്നിന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് തന്നെ എല്ലാ കേന്ദ്രത്തിലും ശൃംഖലയ്ക്കായി കേന്ദ്രീകരണമുണ്ടാകണം. കൃത്യം മൂന്ന് മണിക്ക് ശൃംഖല തീർക്കുകയും, ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്യും. പ്രതീകാത്മകമായി ലഹരി കത്തിച്ചു കുഴിച്ചുമൂടുകയും ചെയ്യും. പരിപാടിയുടെ പ്രചരണാർത്ഥം ഞായർ തിങ്കൾ ദിവസങ്ങളിൽ വിളംബര ജാഥകളും, ഫ്ലാഷ് മോബുകളും നടക്കുകയാണ്.
മലപ്പുറം ജില്ലയിൽ പൊന്നാനി മുതൽ വഴിക്കടവു വരെ 83 കിലോമീറ്റർ ദൈർഘ്യത്തിൽ നവംബർ ഒന്നിന് വൻ ബഹുജന പങ്കാളിത്തത്തോടെ മനുഷ്യശ്യംഖല തീർക്കും. തിരുവനന്തപുരം ജില്ലയിൽ നഗരത്തിന് പുറമേ നെടുമങ്ങാട്, കല്ലറ,ആര്യനാട് തുടങ്ങിയ കേന്ദ്രങ്ങളിലും ശൃംഖല തീർക്കും. എറണാകുളത്ത് രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നവംബർ ഒന്നിന് ശൃംഖലയുടെ ഭാഗമായി ജനപ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സൗഹൃദ ഫുട്ബാൾ മത്സരവും സംഘടിപ്പിക്കും.തൃശൂർ ജില്ലയിൽ തൃശൂർ തേക്കിൻകാട് മൈതാനിയിൽ വിപുലമായ മനുഷ്യ ചങ്ങല സംഘടിപ്പിക്കുന്നുണ്ട്. ജില്ലാ കളക്ടറേറ്റിലെ മുഴുവൻ ജീവനക്കാരെയും പങ്കെടുപ്പിച്ചുകൊണ്ട് കളക്ടറേറ്റ് അങ്കണത്തിൽ മനുഷ്യ ചങ്ങല സൃഷ്ടിക്കും. തൃശ്ശൂർ ജില്ലയിലെ ലൈബ്രറികളുടെ നേതൃത്വത്തിൽ പൊതുജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് 46 മനുഷ്യ ശൃംഖല തീർക്കാനും തീരുമാനിച്ചിട്ടുണ്ട്. കോഴിക്കോട് കുറ്റിയാടി, നരിക്കോട്ടുചാൽ പഞ്ചായത്തുകളിൽ വിപുലമായ ജനകീയ ശൃംഖലകൾ സംഘടിപ്പിക്കും. കണ്ണൂർ ജില്ലയിലെ ധർമ്മടം പഞ്ചായത്തിൽ 5000 പേരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ലഹരിവിരുദ്ധ പരിപാടി സംഘടിപ്പിക്കുന്നുണ്ട്. പത്തനംതിട്ട അടൂരിൽ വിപുലമായ ശൃംഖല സംഘടിപ്പിക്കും. കോട്ടയം ജില്ലയിൽ വിവിധ കോളേജ്, ഹയർ സെക്കന്ററി സ്കൂൾ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് കോട്ടയം ശാസ്ത്രി റോഡിൽ ലഹരിക്കെതിരെ ‘ലഹരിയില്ലാതെരുവ്’ എന്ന പേരിൽ കലാസാഹിത്യ സംഗമം സംഘടിപ്പിക്കുന്നു. ആലപ്പുഴ ദേവികുളങ്ങരയിൽ പഞ്ചായത്തിന്റെ വടക്ക് തെക്ക് ഭാഗങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള വിപുലമായ ശൃംഖല ഒരുക്കുന്നുണ്ട്.