സംസ്ഥാനത്ത് കന്നുകാലി വളർത്തലിൽ പുതിയ രീതികൾ പരീക്ഷിക്കണമെന്ന് മൃഗ സംരക്ഷണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ. സ്റ്റാർട്ടപ്പ് മിഷൻടെക്‌നോപാർക്കിൽ (Technopark) സംഘടിപ്പിച്ച ഇൻ്റർനെറ്റ് ഒഫ് തിംഗ്സ് സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ രംഗത്ത് ഇൻ്റർനെറ്റ് സേവനങ്ങൾക്ക് അനന്ത സാദ്ധ്യതയുണ്ടെന്നും ശിവശങ്കർ പറഞ്ഞു.
സ്വർണക്കടത്ത് കേസിൽ പുതിയ വിവാദങ്ങൾ ഉയർന്ന സാഹചര്യത്തിൽ ഇതാദ്യമായാണ് ശിവശങ്കർ ഒരു പൊതുചടങ്ങിൽ പങ്കെടുക്കുന്നത്. നിരവധി പുതിയ രീതികൾ ഇൻ്റർനെറ്റുമായി സഹകരിച്ച് ഈ രംഗത്ത് നടപ്പിലാക്കാൻ കഴിയും. ഫാമുകൾക്ക് അക്രഡിറ്റേഷൻ, പാലുൽപ്പന്നങ്ങൾക്ക് ഓൺലൈൻ വിപണി തുടങ്ങിയവ അതിൽ ചിലതു മാത്രമാണെന്നും ശിവശങ്കർ പറഞ്ഞു.
കന്നുകാലി വളർത്തൽ പ്രോത്സാഹിപ്പിക്കാനായി സാങ്കേതിക വിദ്യകളുടെ സഹായം തേടണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കന്നുകാലി തീറ്റ അടക്കമുള്ള കാർഷിക ആവശ്യങ്ങൾക്കായി സ്വിഗ്ഗി, സൊമാറ്റോ മാതൃകയിലും മൃഗങ്ങളുടെ വിൽപ്പനയ്ക്ക് ഒഎൽഎക്സ് മാതൃകയിലും ആപ്പുകൾ ഒരുക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.