എലോൺ മസ്ക് ട്വിറ്ററിനെ ഏറ്റെടുത്തതിന് പിന്നാലെ ട്വിറ്ററിൽ പ്രതീക്ഷ പങ്കുവച്ച് രാഹുൽ ഗാന്ധി. വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ ട്വിറ്റർ പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷയെന്ന് രാഹുൽ ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് എലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തത്. തൊട്ടുപിന്നാലെ വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ ട്വിറ്റർ പ്രവർത്തിക്കുമെന്നും വസ്തുതകൾ കൂടുതൽ ശക്തമായി പരിശോധിക്കുമെന്നും ഇന്ത്യയിലെ പ്രതിപക്ഷത്തിന്റെ ശബ്ദം അടിച്ചമർത്തില്ലെന്ന് പ്രതീക്ഷിക്കുന്നതായി മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തത്.
ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയുടെ ചിത്രം പങ്കുവെച്ചതിനും ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ നോട്ടീസ് ലഭിച്ചതിനും ശേഷം രാഹുൽഗാന്ധിയുടെ ട്വിറ്റർ ഹാൻഡിൽ താൽക്കാലികമായി പൂട്ടിയിരുന്നു. അതിനുശേഷം ഇപ്പോഴാണ് അക്കൗണ്ട് സജീവമാകുന്നത്. 2021 ഓഗസ്റ്റിനും 2022 ഫെബ്രുവരിക്കും ഇടയിൽ കോൺഗ്രസിന്റെ പുതിയ അനുയായികൾ എങ്ങനെ അടിച്ചമർത്തപ്പെട്ടുവെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം പങ്കുവെച്ച ഗ്രാഫിൽ വ്യക്തമാക്കിയിരുന്നു.