ഡല്‍ഹി: ക്യാൻസർ ബാധിതനായ വ്യക്തിക്കനുവദിച്ച ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹരജി നല്കിയ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന് സുപ്രിംകോടതിയുടെ രൂക്ഷവിമർശം. ഹരജി ഫയൽ ചെയ്ത ഇഡി ഉദ്യോഗസ്ഥന് കോടതി ഒരു ലക്ഷം പിഴ ചുമത്തി.
അലഹാബാദ് ഹൈക്കോടതിയാണ് ക്യാൻസർ ബാധിതന് ജാമ്യം അനുവദിച്ചത്. ഇയാളുടെ നില അതീവ ഗുരുതരമാണെന്നും ജാമ്യത്തിൽ ഇനി കോടതി ഇടപെടേണ്ടതില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസുമാരായ എം.ആർ ഷാ, എം.എം സുന്ദരേഷ് എന്നിവർ ഉൾപ്പെട്ട സുപ്രീം കോടതി ബെഞ്ച് ഇഡിയുടെ ഹർജി തള്ളിയത്.
ജാമ്യത്തിനെതിരേ ഹർജിയുമായി എത്തിയ ഇഡിയെ സുപ്രീം കോടതി കണക്കിന് വിമർശിക്കുകയും ചെയ്തു. കോടതിയുടെ വിലപ്പെട്ട സമയവും ഹർജിക്കായി നൽകിയ കടലാസ് പോലും പാഴാക്കിയെന്നായിരുന്നു സുപ്രീം കോടതിയുടെ കുറ്റപ്പെടുത്തൽ. അതിനാൽ ഹർജി നൽകിയ ഇഡി ഉദ്യോഗസ്ഥൻ ഒരു ലക്ഷം രൂപ പിഴ അടയ്ക്കണമെന്നും കോടതി ഉത്തരവിട്ടു.
പിഴ തുക ഉദ്യോഗസ്ഥന്റെ ശന്പളത്തിൽ നിന്ന് ഈടാക്കണമെന്നാണ് കോടതി നിർദേശിച്ചത്. നാല് ആഴ്ചയ്ക്കുള്ളിൽ തന്നെ പിഴ തുക സുപ്രീംകോടതി രജിസ്ട്രിയിൽ അടയ്ക്കണമെന്നും നിർദേശിച്ചു. ഇതിൽ 50,000 രൂപ ഡൽഹി നാഷണൽ ലീഗൽ സർവീസ് അഥോറിറ്റിക്കും 50,000 രൂപ സുപ്രീംകോടതിയിലെ മീഡിയേഷൻ ആന്റ് കണ്‍സീലിയേഷൻ പ്രൊജക്ട് കമ്മിറ്റിക്കും നൽകും.
അർബുദരോഗം കണക്കിലെടുത്ത് യുപി സ്വദേശി കമൽഅഹ്സന് അലഹബാദ് ഹൈക്കോടതി നേരത്തേ ജാമ്യം നൽകിയിരുന്നു. 2017ലാണ് ആക്സിസ് ബാങ്കിന്റെ പ്രയാഗ്രാജ് ശാഖയിലെ ഉദ്യോഗസ്ഥനായ അഹ്സനെതിരെ ഇ.ഡി കേസെടുത്തത്. 2013ൽ സ്റ്റേറ്റ് എയ്ഡഡ് യൂണിവേഴ്സിറ്റികളുടെ അക്കൗണ്ടുകളിൽ നിന്ന് 22 കോടി രൂപ ബന്ധുക്കളുടെ അക്കൗണ്ടുകൾ വഴി തട്ടിയെടുത്തു എന്നതാണ് ഇയാൾക്കെതിരെയുള്ള പരാതി.
2020 ഡിസംബറിൽ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം ഇ.ഡി ഇയാളെ അറസ്റ്റ് ചെയ്തു. തുടർന്ന് കഴിഞ്ഞ നവംബറിൽ അലഹബാദ് ഹൈക്കോടതി അർബുദം, പ്രമേഹം, ഫിസ്റ്റുല തുടങ്ങിയ അഹ്സന്റെ ആരോഗ്യ പ്രശ്നങ്ങള്‍ കണക്കിലെടുത്ത് ജാമ്യം അനുവദിക്കുകയുമായിരുന്നു.