കൊച്ചി: അശ്ലീല വെബ്സീരീസ് തടയണമെന്ന ഹര്‍ജിയുമായി യുവാവ് ഹൈക്കോടതിയില്‍. തന്നെ ഭീഷണിപ്പെടുത്തി അഭിനയിപ്പിച്ചെന്നാണ് യുവാവിന്റെ പരാതി.
ദിവസങ്ങള്‍ക്ക് മുമ്പാണ് തന്നെ ഭീഷണിപ്പെടുത്തി അശ്ലീല ചിത്രത്തില്‍ അഭിനയിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി യുവാവ് പോലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ കഴിഞ്ഞ ദിവസം ചിത്രം ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്തിരുന്നു. ചിത്രം റിലീസ് ചെയ്തിട്ടും തുടര്‍നടപടികള്‍ സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്.
ചിത്രത്തിന്റെ ട്രെയിലര്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് യുവാവ് തിരുവനന്തപുരം വിഴിഞ്ഞം പോലീസിനെ സമീപിച്ചത്. എന്നാല്‍ ചിത്രം റിലീസ് ചെയ്തതിന് ശേഷമാണ് തന്റെ മൊഴിയെടുക്കാന്‍ പോലീസ് വിളിപ്പിച്ചതെന്ന് യുവാവ് പറയുന്നു.
കവടിയാര്‍ സ്വദേശിനിയായ സംവിധായികയ്ക്ക് എതിരെയാണ് യുവാവ് പരാതിയുമായി രംഗത്തെത്തിയത്. സംഭവത്തില്‍ വഞ്ചനാകുറ്റം ചുമത്തി പോലീസ് കേസെടുത്തിരുന്നു.