തിരുവനന്തപുരം: തിരുവനന്തപുരം മ്യൂസിയത്തില്‍ നടക്കാനിറങ്ങിയ യുവതിയെ ആക്രമിച്ച സംഭവത്തിൽ പ്രതിയുടെ രേഖാചിത്രം തയ്യാറാക്കാരൊരുങ്ങി പൊലീസ്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രേഖാ ചിത്രം തയ്യാറാക്കുക.
സംഭവത്തില്‍ പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിട്ടുണ്ട്. ദേഹത്ത് കയറിപ്പിടിച്ചെന്ന് മൊഴി നൽകിയിട്ടും പ്രതിക്കെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയത് എന്ന ആക്ഷേപം ഉയര്‍ന്നതിന് പിന്നാലെയാണ് നടപടി.
കഴിഞ്ഞ ബുധനാഴ്തയാണ് എൽഎംഎസ് ജംഗ്ഷനിൽ വെച്ച് വാഹനം നിർത്തിയ ശേഷം നടന്ന് വന്ന പ്രതി യുവതിയെ ആക്രമിച്ചത്. ഇതിന് ശേഷം മ്യൂസിയം ഗേറ്റ് ചാടിക്കടന്ന് പ്രതി രക്ഷപ്പെട്ടു. സംഭവം നടന്ന പുലർച്ചെ നാല് മണിക്ക് തന്നെ എയ്ഡ് പോസ്റ്റിൽ യുവതി വിവരം അറിയിച്ചുവെങ്കിലും പൊലീസ് കൺട്രോൾ റൂമിൽ അറിയിച്ചില്ലെന്നാണ് ആക്ഷേപം. പ്രതിയുടെ വാഹനം കേന്ദ്രീകരിച്ച് അപ്പോൾ തന്നെ അന്വേഷണം തുടങ്ങിയെങ്കിൽ അന്ന് തന്നെ പ്രതിയെ പിടികൂടാനാകുമായിരുന്നുവെന്നും യുവതി പറയുന്നു.