വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരെ പ്രതിഷേധം നടത്തുന്നവര്‍ക്ക് പിന്തുണയര്‍പ്പിച്ച് സമര വേദിയിലെത്തിയ നടൻ അലൻസിയറുടെ പ്രസ്താവന വിവാദത്തിൽ. പള്ളിയും പള്ളീലച്ചന്മാരും കന്യാസ്ത്രീകളും വേണ്ട എന്ന അലന്‍സിയറുടെ പ്രസ്താവനയാണ് വിവാദമായി മാറിയിരിക്കുന്നത്.സമരം നീട്ടികൊണ്ട് പോകുന്നത് ഇടതുപക്ഷ സര്‍ക്കാറിന് ഭൂഷണമല്ല. നന്മയുടെ പക്ഷത്ത് നില്‍ക്കേണ്ട ഇടതുപക്ഷം ഈ സമരം കണ്ടില്ലെന്ന് നടിക്കുന്നത് ശരിയല്ലെന്നും മുതലപ്പൊഴി മത്സ്യത്തൊഴിലാളികളുടെ സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് അലന്‍സിയര്‍ പറഞ്ഞു.
നമ്മുടെ തീരം നമുക്ക് വേണം. നമ്മുടെ പള്ളി വേണ്ട, നമ്മുടെ പള്ളീലച്ഛന്‍മാരും വേണ്ട, കന്യാസ്ത്രീകളും വേണ്ട നമ്മുടെ തീരം നമുക്ക് വേണം. ഈ മണ്ണില്‍ ജീവിക്കാനുള്ള അവകാശം തീരദേശ വാസികള്‍ക്കാണ്’ എന്നാണ് അലൻസിയർ പറഞ്ഞത്. ഇതോടെ ചുറ്റുംകൂടി നിന്നിരുന്ന സമരക്കാര്‍ മുദ്രാവാക്യം വിളിച്ചു. തീരവും വേണം പള്ളിയും വേണം അച്ചനും വേണമെന്ന് അവര്‍ വിളിച്ചുപറഞ്ഞു. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാം. ഈ സത്യം പറയാനുള്ള സ്വാതന്ത്ര്യം ജനാധിപത്യത്തിലുണ്ട്. നിങ്ങളും വേണം മനുഷ്യരും വേണമെന്ന് അലന്‍സിയര്‍ ഇതിന് മറുപടിയും നല്‍കി.