നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണ റിപ്പോർട്ട് അംഗീകരിച്ച കോടതി ദിലീപിന്റേയും ശരത്തിന്റേയും ഹർജി തള്ളി. എറണാകുളം ജില്ലാ സെഷൻസ് കോടതിയുടേതാണ് ഉത്തരവിൽ പ്രതികൾ ഈ മാസം 31ന് കോടതിയിൽ ഹാജരാകണം. ദിലീപിനും ശരത്തിനുമെതിരായ കുറ്റങ്ങൾ നിലനിൽക്കുമെന്ന് കോടതി നിരീക്ഷിച്ചു.
നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ഒളിപ്പിച്ചെന്ന കുറ്റമാണ് ദിലീപിന്റെ സുഹൃത്തായ ശരത്തിനെതിരെ ചുമത്തിയിട്ടുള്ളത്. സംവിധായകൻ ബാലചന്ദ്രകുമാറിൻറെ മൊഴിയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ പുതുതായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നായിരുന്നു പ്രതികളുടെ വാദം. തുടരന്വേഷണ റിപ്പോർട്ട് തള്ളി വിചാരണ എത്രയും വേഗം പൂർത്തിയാക്കണമെന്നും പ്രതികൾ ആവശ്യപ്പെട്ടിരുന്നു.
ഹൈക്കോടതിയിൽ ഹാജരാക്കാൻ നിർദ്ദേശിച്ച ഫോണിലെ വിവരങ്ങൾ നീക്കിയെന്ന കുറ്റവും പിന്നാലെ ദിലീപിനെതിരെ ചുമത്തി. ദൃശ്യങ്ങൾ ഐപാഡിലാക്കി ദിലീപിന്റെ ആലുവയിലെ വീട്ടിലെത്തിച്ചത് ശരത്താണെന്ന് ബാലചന്ദ്ര കുമാർ പറഞ്ഞിരുന്നു.നടിയെ ആക്രമിച്ച ഈ ദൃശ്യങ്ങൾ കാണാൻ തന്നെ ക്ഷണിച്ചിരുന്നതായും ബാലചന്ദ്രകുമാർ പറഞ്ഞു.