ശബരിമല തീര്‍ഥാടകര്‍ക്കായി സേഫ്‌സോണ്‍ പദ്ധതിയുമായി ഗതാഗത വകുപ്പ്. തീർഥാടകരുടെ ആവശ്യങ്ങള്‍ പരിഗണിച്ച് ഏഴു മിനിറ്റിനുള്ളിൽ അടിയന്തര സഹായമെത്തിക്കുന്ന പദ്ധതിയാണിതെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞു. മണ്ഡല – മകരവിളക്ക് കാലത്ത് തീർഥാടകര്‍ക്കായി കെ.എസ്.ആർ.ടി.സിയും വിപുലമായി സംവിധാനമൊരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തീർഥാടന യാത്രയിലെ അപകടങ്ങള്‍ ഒഴിവാക്കുക, രക്ഷാപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സേഫ് സോണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി .പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലായി നാനൂറോളം കിലോമീറ്റര്‍ റോഡുകളാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്. 24 മണിക്കൂർ പ്രവർത്തിക്കുന്ന മൂന്ന് കൺട്രോൾ റൂമുകള്‍ സജ്ജീകരിച്ച് ഇതിനായി പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തും. 21 സ്ക്വാഡുകളും പെട്രോളിംഗ് ടീമുകളും ആംബുലന്‍സ് , ക്രയിന്‍ , റിക്കവറി വാഹനങ്ങള് തുടങ്ങിയ സംവിധാനങ്ങളും പദ്ധതിയുടെ ഭാഗമായി ഏർപ്പെടുത്തും.
അടിയന്തര സാഹചര്യത്തില്‍ തീർഥാടകർക്ക് ഏഴ് മിനിറ്റിനുള്ളില്‍ സഹായമെത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നും ഇതിനായി ഇലവുങ്കല്‍ കേന്ദ്രീകരിച്ച് പ്രത്യേക കണ്‍ട്രോള്‍ റൂം തുറക്കുമെന്നും ഗതാഗതമന്ത്രി പറഞ്ഞു. മുന് വർഷങ്ങളെക്കാള്‍ തീർഥാടന തിരക്ക് പ്രതീക്ഷിക്കുന്ന സാഹചര്യത്തില്‍ ഗതാഗത വകുപ്പും തയ്യാറെടുപ്പുകള്‍ നടത്തും. ശബരിമല സീസണ്‍ മുന്നില്‍ കണ്ട് കെ.എസ്.ആർ.ടി.സിയുടെ നേതൃത്വത്തിലും വിപുലമായ സംവിധാനങ്ങളാവും ഒരുക്കുകയെന്നും ആന്‍റണി രാജു പറഞ്ഞു.