ന്യൂഡല്‍ഹി: കോയമ്പത്തൂര്‍ കാര്‍ സ്‌ഫോടനക്കേസിന്റെ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ) ഏറ്റെടുത്തു. സംഭവത്തില്‍ ബുധനാഴ്ച എന്‍.ഐ.എ. എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തു. കോയമ്പത്തൂര്‍ സ്‌ഫോടനത്തില്‍ എന്‍.ഐ.എ. അന്വേഷണത്തിന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ കഴിഞ്ഞദിവസം ശുപാര്‍ശ ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് എന്‍.ഐ.എ. കേസ് ഏറ്റെടുത്തത്.
പ്രതികളിൽ ഒരാളുടെ ഐ എസ് ബന്ധവും ചാവേർ ആക്രമണ സംശയവും ബലപ്പെടുത്തുന്ന തെളിവുകൾ പൊലീസിന് കിട്ടിയ സാഹചര്യത്തിലാണ് ശുപാർശ നല്‍കിയത്. എന്‍ഐഎ സംഘം ഇന്നലെ തന്നെ കോയമ്പത്തൂരെത്തി പ്രാഥമിക വിവരശേഖരണം തുടങ്ങിയിരുന്നു. അറസ്റ്റിലായ അഞ്ച് പ്രതികളെയും എന്‍ഐഎ ചോദ്യം ചെയ്തിരുന്നു.
അതേസമയം, കോയമ്പത്തൂർ ഉക്കടം സ്ഫോടനത്തിൽ മരിച്ച സൂത്രധാരൻ ജമേഷ് മുബീന്‍റെ ബന്ധു അഫ്‌സ്ഖർ ഖാനെ അറസ്റ്റ് ചെയ്തു. ഓൺലൈനായി സ്ഫോടനക്കൂട്ടുകൾ ഓർഡർ ചെയ്തെന്ന് സംശയിക്കുന്ന ലാപ്ടോപ് പൊലിസ് അഫ്സ്ഖർ ഖാന്‍റെ വീട്ടിൽ നിന്ന് പിടിച്ചെടുത്തു. ജമേഷ മുബീന്‍റെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത എഴുപത്തിയാറര കിലോ സ്ഫോടകവസ്തു ചേരുവ ഓൺലൈനായി വാങ്ങി എന്നാണ് പൊലീസ് പരിശോധിക്കുന്നത്. ഇവ പലപ്പോഴായി വാങ്ങി സൂക്ഷിച്ചു എന്നാണ് പൊലീസ് കണ്ടെത്തൽ. വിശദവിവരം അറിയാൻ, ഇ കൊമേഴ്‌സ് സ്ഥാപനങ്ങളായ ആമസോൺ, ഫ്ളിപ്കാർട്ട് എന്നിവയ്ക്ക് പൊലീസ് കത്തെഴുതി.
ഞായറാഴ്ച പുലര്‍ച്ചെയാണ് ഉക്കടം കോട്ടൈ ഈശ്വരന്‍ ക്ഷേത്രത്തിന് സമീപം കാറില്‍ സ്ഫോടനമുണ്ടായത്. തുറന്നിട്ട ഗ്യാസ് സിലിണ്ടറുകളുമായി ഉക്കടം സ്വദേശി ജമീഷ മുബീനാണ് കാറോടിച്ചെത്തിയത്. സ്ഫോടനത്തില്‍ ഇയാള്‍ കൊല്ലപ്പെട്ടിരുന്നു.
2019-ല്‍ എന്‍.ഐ.എ ചോദ്യംചെയ്തയാളാണ് ജമീഷ മുബീന്‍. എന്‍ജിനിയറിങ് ബിരുദധാരിയായ ഇയാള്‍ക്ക് ഐ.എസ്. കേസില്‍ കേരളത്തില്‍ ജയിലില്‍ കഴിയുന്ന മുഹമ്മദ് അസറുദ്ദീനുമായി ബന്ധമുണ്ടെന്ന വിവരങ്ങളും പുറത്തുവന്നിരുന്നു.