ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ പക്ഷിപ്പനി ബാധിച്ച പക്ഷികളെ കൊന്നു നശിപ്പിക്കുന്ന നടപടികള്‍ ആരംഭിച്ചു. ഹരിപ്പാട് നഗരസഭയിലെ വഴുതാനം പടിഞ്ഞാറ്, വടക്ക് പാടശേഖരങ്ങളില്‍ അഞ്ച് ദ്രുത പ്രതികരണ സംഘമാണ് കള്ളിംഗ് ജോലികളില്‍ ഏര്‍പ്പെട്ടത്. നാളെ മുതല്‍ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വീടുകളിലെ എല്ലാ പക്ഷികളെയും കൊന്നൊടുക്കുന്ന നടപടികള്‍ ആരംഭിക്കും. 20,471 താറാവുകളെയാണ് കൊന്നൊടുക്കുന്നത്. എട്ട് ആര്‍.ആര്‍.റ്റികളാണ് പ്രവര്‍ത്തിച്ചത്. പി.പി.ഇ. കിറ്റ് ധരിച്ച് വെറ്റിനറി ഡോക്ടറുടെ നിര്‍ദ്ദേശമനുസരിച്ച് കേന്ദ്ര മാനദണ്ഡ പ്രകാരമാണ് കള്ളിംഗ് നടത്തുന്നത്.
താറാവുകളെ കൊന്ന ശേഷം വിറക്, ഡീസല്‍, പഞ്ചസാര എന്നിവ ഉപയോഗിച്ച് നിശ്ചിത സ്ഥലങ്ങളില്‍ കത്തിച്ച് കളയും. കത്തിക്കല്‍ പൂര്‍ത്തിയായതിന് ശേഷം പ്രത്യേക ആര്‍.ആര്‍.റ്റി സംഘമെത്തി സാനിറ്റേഷന്‍ നടപടികള്‍ സ്വീകരിക്കും. കള്ളിംഗ് നടപടികള്‍ പുരോഗമിക്കവേ ജനപ്രതിനിധികള്‍ ഉള്‍പ്പടെയുള്ളവര്‍ എത്തിയിരുന്നു. ജില്ല മൃഗസംരക്ഷണ ഓഫീസര്‍ ഡോ.ഡി.എസ്. ബിന്ദു കള്ളിംഗ് ജോലികള്‍ക്ക് നേതൃത്വം നല്‍കി. റവന്യൂ, ആരോഗ്യം തുടങ്ങി വിവിധ വകുപ്പ് ഉദ്യോഗസ്ഥരും സന്നിഹിതരായി. കള്ളിംഗ് നടപടികള്‍ പൂര്‍ത്തിയായതിനു ശേഷവും ഒരാഴ്ചത്തേക്ക് ഹരിപ്പാട് നഗരസഭ, പള്ളിപ്പാട് പഞ്ചായത്ത് എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലും ആരോഗ്യ വകുപ്പിന്റെയും മൃഗസംരക്ഷണ വകുപ്പിന്റയും നിരീക്ഷണം ശക്തമാക്കും