ബംഗളൂരു: രാമനഗരയിലെ ലിംഗായത്ത് മഠാധിപതി ബസവലിംഗ സ്വാമി(44)യുടെ ആത്മഹത്യയ്ക്കു പിന്നില്‍ ഹണിട്രാപ് എന്ന് പോലീസ്. സ്വാമിയുടെ മുറിയില്‍നിന്നു ലഭിച്ച ആത്മഹത്യാകുറിപ്പ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അജ്ഞാതയുവതിയുടെ ഭീഷണിയാണ് ആത്മഹത്യയിലേക്കു നയിച്ചതെന്ന് കണ്ടെത്തിയത്.
ബസവലിംഗയുമായുള്ള വീഡിയോ കോളുകള്‍ റെക്കോര്‍ഡ് ചെയ്ത് ഈ സ്ത്രീയും കൂട്ടാളികളും ഭീഷണിപ്പെടുത്തിയിട്ടുണ്ടാകാം എന്ന് പൊലീസ് സംശയിക്കുന്നു. ലിംഗായത്ത് മഠത്തില്‍ നിന്ന് പുറത്താക്കാന്‍ ഒരു സത്രീ അടക്കം തന്നെ ബ്ലാക്ക്മെയില്‍ ചെയ്തെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. മഠത്തിലെ തന്നെ രണ്ട് പേരെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം.
ലിംഗായത്ത് മഠാധിപതിയായ ബസവലിംഗ സ്വാമിയെ തിങ്കളാഴ്ചയാണ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ ഏറെ വൈകിയിട്ടും മുറി തുറക്കാതെ വന്നതോടെ ജീവനക്കാർ മുറി തുറന്ന് പരിശോധിച്ചു. ഇതോടെയാണ് തൂങ്ങിയ നിലയിൽ സ്വാമിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനൊപ്പം മുറിയിൽ സ്വാമിയുടെ ആത്മഹത്യാ കുറിപ്പും കണ്ടെത്തുകയായിരുന്നു. ഈ കുറിപ്പ് കേന്ദ്രീകരിച്ച് നടത്തിയ പൊലീസ് അന്വേഷണത്തിലാണ് ഹണി ട്രാപ്പ് സംബന്ധിച്ച വിവരങ്ങൾ പൊലീസിന് ലഭിച്ചത്.
യുവതിയെയും ആത്മഹത്യാകുറിപ്പില്‍ പരാമര്‍ശിച്ച മറ്റു രണ്ടുപേരെയും കണ്ടെത്തി ചോദ്യംചെയ്യുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. ഒരു വര്‍ഷത്തിനിടെ കര്‍ണാടകയില്‍ ജീവനൊടുക്കുന്ന മൂന്നാമത്തെ ലിംഗായത്ത് മഠാധിപതിയാണ് ബസവലിംഗ സ്വാമി.