തിരുവനന്തപുരം: പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരെ വീണ്ടും സൈബർ കേസ്. പീഡനക്കേസിലെ പരാതിക്കാരിയായ യുവതിയെ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. ഫോണിൽ വിളിച്ച് നിരന്തരം ഭീഷണിപ്പെടുത്തിയെന്നാണ് യുവതി പരാതിയിൽ പറയുന്നത്.
എം.എൽ.എയ്ക്കെതിരെ മൊഴി നൽകരുതെന്ന് ചിലർ ഭീഷണിപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയുള്ള യുവതിയുടെ പരാതിയിലാണ് കേസ്. ഇന്ന് ഉച്ചയോടെയാണ് യുവതി തിരുവനന്തപുരം സൈബര്‍ പൊലീസില്‍ പരാതി നല്‍കിയത്.
തന്റെ ഫോണിലേക്ക് വിദേശത്തു നിന്നടക്കമുള്ള ആളുകള്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നുവെന്ന് പരാതിയില്‍ പറയുന്നു. എം.എല്‍എയുമായി അടുത്ത ബന്ധമുള്ളൊരു യുവതിയും വിളിച്ച് ഭീഷണിപ്പെടുത്തുകയും മൊഴി കൊടുക്കരുതെന്നടക്കം ആവശ്യപ്പെട്ട് മെസേജ് അയയ്ക്കുകയും ചെയ്യുന്നുണ്ടെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
ഇതിന്റെ സ്ക്രീന്‍ഷോട്ടും യുവതി പൊലീസിനു കൈമാറി. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് എം.എല്‍.എയ്ക്കെതിരെ സൈബര്‍ പൊലീസ് മറ്റൊരു എഫ്.ഐ.ആര് കൂടി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
നേരത്തെ പരാതിക്കാരിയെ സൈബറിടങ്ങളില്‍ അവഹേളിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയുള്ള പരാതിയിലാണ് എല്‍ദോസിനെതിരെ സൈബര്‍ പൊലീസ് കേസെടുത്തിരുന്നത്.
ഇതിനിടെ പരാതിക്കാരിയായ യുവതിയെ വക്കീൽ ഓഫിസിൽവച്ച് മർദിച്ചെന്ന കേസിൽ എംഎൽഎ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകി. വഞ്ചിയൂർ പോലീസ് കേസ് റജിസ്റ്റർ ചെയ്ത സാഹചര്യത്തിലാണ് ജില്ലാ കോടതിയില്‍ അപേക്ഷ നൽകിയത്.