വയനാട്: വയനാട്ടിലെ കടുവാ ആക്രമണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കുന്നതിനായി വയനാട്ടില്‍ നിന്നുള്ള സംഘം മുഖ്യമന്ത്രിയെയും വനം മന്ത്രിയെയും സന്ദര്‍ശിച്ചു. സംഘം മുന്നോട്ട് വച്ച വിവിധ ആവശ്യങ്ങള്‍ പരിശോധിക്കുന്നതിനായി മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.
കന്നുകാലികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇതുവരെയുള്ള നഷ്ടപരിഹാരമായി ഒന്‍പത് പേര്‍ക്ക് 6,45,000/- രുപ നല്‍കിയതായി വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. പശുവിന് ഒരു ലക്ഷം രൂപ വരെ നഷ്ടപരിഹാരം കണക്കാക്കപ്പെട്ടിട്ടുണ്ട്. നഷ്ടപരിഹാര തുക വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും തുക കണക്കാക്കുന്ന കാര്യത്തിലും വ്യക്തമായ മാനദണ്ഡങ്ങള്‍ ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.
കൂടുതലായി ഒരു ആര്‍.ആര്‍.ടി കൂടി വയനാട്ടില്‍ അനുവദിക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ പ്രശ്‌നമുണ്ടാക്കുന്ന കടുവ രാത്രിയില്‍ മാത്രം വനത്തിന് പുറത്തു വരുന്നതും പകല്‍ സമയങ്ങളില്‍ വയനാട്ടിലെയും തമിഴ്‌നാട്ടിലെ മുതമലൈ കടുവാ സങ്കേതത്തിലും മറഞ്ഞിരിക്കുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മുതുമല ഫീല്‍ഡ് ഡയറക്ടറുമായി കേരള വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഈ വിഷയം ചര്‍ച്ച ചെയ്യുകയും കടുവയെ പിടികൂടുന്നതിനുള്ള സംയുക്ത നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
തമിഴ്‌നാട് വനം വകുപ്പ് മൂന്ന് കൂടുകള്‍ സ്ഥാപിക്കുന്നതാണ്. കൂടാതെ വിവിധ സ്ഥലങ്ങളിലായി അവര്‍ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. നഷ്ടപരിഹാര തുക കണ്ടെത്തുന്നതിനായി 2022-23 കാലത്തേക്ക് 10 കോടി രൂപ കൂടി അധികമായി ആവശ്യപ്പെട്ടുകൊണ്ട് ധനവകുപ്പിന് നിര്‍ദ്ദേശം സമര്‍പ്പിച്ചിട്ടുണ്ട്. മറ്റ് ധനശീര്‍ഷകത്തില്‍ നിന്നും ധനപുനര്‍വിനിയോഗം ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഉന്നത വനം ഉദ്യോഗസ്ഥര്‍ വയനാട്ടില്‍ ഉള്ളതായും കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ നടത്തികൊണ്ടിരിക്കുന്നതായും മന്ത്രി അറിയിച്ചു.