ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയിൽ ഒരു ലഷ്‌കർ-ഇ-തൊയ്ബ ഭീകരനെ സുരക്ഷാ സേന വെടിവച്ചു കൊന്നു. നിയന്ത്രണരേഖയിലൂടെ നുഴഞ്ഞു കയറാൻ ശ്രമിക്കുന്നതിനിടെയാണ് വെടിയേറ്റത്.
സംഭവത്തിൽ മറ്റൊരു ഭീകരൻ രക്ഷപ്പെട്ടു. പാക് അധീന കശ്മീരിലെ സയ്യിദ്പുരയിൽ താമസിക്കുന്ന 32 കാരനായ മുഹമ്മദ് ഷക്കൂർ എന്ന ഭീകരനാണ് ഓപ്പറേഷനിൽ കൊല്ലപ്പെട്ടതെന്ന് വക്താവ് അറിയിച്ചു.
കുപ്‌വാര ജില്ലയിലെ കർണാഹ് പ്രദേശത്തെ സുദ്പുര ഫോർവേഡ് പോസ്റ്റിലൂടെ ഒരു സംഘം ലഷ്‌കർ ഭീകരർ നുഴഞ്ഞുകയറുന്നത് സംബന്ധിച്ച് പൊലീസിൽ നിന്ന് ലഭിച്ച പ്രത്യേക വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംയുക്ത ഓപ്പറേഷൻ ആരംഭിച്ചത്. രാത്രി 1.45 ന് നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരർക്ക് നേരെ വെടിയുതിർക്കുകയും ഒരു ഭീകരൻ കൊല്ലപ്പെടുകയും രണ്ടാമൻ രക്ഷപ്പെടുകയും ചെയ്തു.
സ്ഥലത്ത് നടത്തിയ തെരച്ചിലിൽ ഒരു എകെ സീരീസ് റൈഫിളും രണ്ട് പിസ്റ്റളുകളും വൻതോതിൽ വെടിക്കോപ്പുകളും മറ്റ് ആയുധങ്ങളും കണ്ടെടുത്തതായി പ്രതിരോധ വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.