തിരുവനന്തപുരം: സംസ്ഥാനത്ത് പാൽ വില വർധിപ്പിക്കും. ലിറ്ററിന് അഞ്ചുരൂപയായാണ് വര്‍ധിപ്പിക്കുക. പരിശോധന പൂർത്തിയാക്കിയ ശേഷമായിരിക്കും വിലവർധനവെന്ന് മന്ത്രി ജെ ചിഞ്ചു റാണി മാധ്യമങ്ങളോട് പറഞ്ഞു.
വില വർധന പരിശോധിക്കാൻ സർക്കാർ സമിതിയെ നിയോഗിച്ചു. കർഷകരുടെ ഉൾപ്പെടെ അഭിപ്രായം തേടി പരിശോധനകൾ പൂർത്തിയായ ശേഷമാകും വില വർധിപ്പിക്കുക. വിദഗ്ധ സമിതിയുടെ റിപ്പോർട്ട് കൂടി ലഭിച്ച ശേഷമാകും അന്തിമ തീരുമാനമുണ്ടാകുകയെന്നും മന്ത്രി മന്ത്രി വ്യക്തമാക്കി.
ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പഠിക്കാന്‍ മൂന്നംഗ സമിതിയെയാണ് നിയോഗിച്ചിരിക്കുന്നത്. സമിതിയുടെ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് പാലിന്റെ വില വര്‍ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ജനുവരി മുതൽ വിലവർധനവ് ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. വെറ്റിനറി സർവകലാശാലയിലേയും സർക്കാരിന്റേയും മിൽമയുടേയും പ്രതിനിധികളാണ് സമിതിയിൽ.
ഉത്പാദനച്ചെലവ് വർധിച്ചതും ക്ഷീരകർഷകരുടെ ആവശ്യവും കണക്കിലെടുത്താണ് വില വർധനയെക്കുറിച്ച് ആലോചിക്കുന്നത്. പാൽ വില വർധിപ്പിക്കാതെ മുന്നോട്ടുപോകുന്നത് അസാധ്യമാണെന്ന് മിൽമ സർക്കാരിനെ അറിയിച്ചിട്ടുണ്ട്.
2019-ലാണ് അവസാനം മിൽമ പാൽ വില കൂട്ടിയത്. ലിറ്ററിന് നാലുരൂപയാണ് അന്ന് വർധിപ്പിച്ചത്. 2023 തുടക്കത്തിൽ വില വർധന പ്രാബല്യത്തിൽ കൊണ്ടുവരാനാണ് സർക്കാർ ആലോചിക്കുന്നതെന്നാണ് വിവരം.