ഗായകൻ സിദ്ധു മൂസേവാലയുടെ കൊലപാതകത്തില്‍ പഞ്ചാബി ഗായികയും സിദ്ധു മൂസേവാലയുടെ അടുത്ത സുഹൃത്തുമായ അഫ്സാന ഖാനെ എൻഐഎ ചോദ്യം ചെയ്തു. ഗുണ്ടാ-ഭീകര സംഘങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിനായി ഡല്‍ഹിയിലെ ഭീകരവിരുദ്ധ ടാസ്‌ക് ഫോഴ്സിന്റെ ആസ്ഥാനത്ത് ഗായികയെ ചോദ്യം ചെയ്തതായി ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു.
മൂസേ വാലയുടെ കൊലപാതകം ആസൂത്രണം ചെയ്തതായി ആരോപിക്കപ്പെടുന്ന ബിഷ്ണോയ് സംഘത്തിന്റെ ബദ്ധവൈരിയായ ബംബിഹ സംഘവുമായുള്ള അഫ്‌സാനയുടെ ബന്ധത്തെക്കുറിച്ച് ചോദ്യം ചെയ്യാനായിരുന്നു വിളിച്ചുവരുത്തിയത് എന്നാണ് റിപ്പോർട്ട്. കൊലപാതകത്തില്‍ ക്രിമിനല്‍ ഗുണ്ടാ ശൃംഖല കണ്ടെത്തുന്നതിനായി എന്‍ഐഎ രണ്ട് തവണയെങ്കിലും റെയ്ഡുകള്‍ നടത്തിയിട്ടുണ്ട്.