സിഎസ്എംടി മുംബൈ, നാഗ്പൂര്‍ സ്റ്റേഷനുകളില്‍ ‘റെസ്റ്റോറന്റ് ഓണ്‍ വീല്‍സ്’ തുറന്നു. സെന്‍ട്രല്‍ റെയില്‍വേ നോണ്‍-ഫെയര്‍ റവന്യൂ സ്‌കീമിന് കീഴില്‍ ആണ് പദ്ധതി.പദ്ധതിയുടെ വിജയത്തെ തുടര്‍ന്ന് നാല് സ്റ്റേഷനുകളില്‍ കൂടി റെസ്റ്റോറന്റുകള്‍ ആരംഭിക്കാന്‍ സെന്‍ട്രല്‍ റെയില്‍വേ തീരുമാനിച്ചു. സെന്‍ട്രല്‍ റെയില്‍വേയില്‍ സമാനമായ പദ്ധതികള്‍ ആരംഭിക്കാന്‍ മറ്റ് ഏഴ് സ്ഥലങ്ങളും കണ്ടെത്തിയിട്ടുണ്ട്.
ടിക്കറ്റ് ഇതര വരുമാനം കണ്ടെത്തുകയാണ് ഇതിനു പിന്നിലെ ലക്ഷ്യം. പാസഞ്ചര്‍ തീവണ്ടികളുടെ പഴയ കോച്ചുകളാണ് റെസ്റ്റോറന്റുകളായി ഉപയോഗിച്ചിരിക്കുന്നത്. 40 പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഈ കോച്ചുകളിലുണ്ട്.സി.എസ്.ടി.യിലെ റെസ്റ്റോറന്റില്‍ ഇതുവരെ 1.25 ലക്ഷം പേരെങ്കിലും ഭക്ഷണം കഴിച്ചിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. നാഗ്പുരാകട്ടെ ഏകദേശം ഒന്നര ലക്ഷത്തോളം പേരും. സമീപ ഭാവിയില്‍ മറ്റ് ഏഴ് റെയില്‍വേ സ്റ്റേഷനുകളിലേക്ക് കൂടി ഇത്തരം റെസ്റ്റോറന്റുകള്‍ തുടങ്ങാന്‍ പദ്ധതിയുണ്ട്.