ജറുസലേം: അധിനിവേശ വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ അഞ്ച് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. നബ്‍ലസിലാണ് ആക്രമണമുണ്ടായത്.
അധിനിവേശ വെസ്റ്റ് ബാങ്കിന്റെ വടക്ക് ഭാഗത്തുള്ള പുരാതന നഗരമായ നബ്‌ലസിലും പരിസരത്തും ഏറ്റുമുട്ടൽ തുടരുകയാണ്. ചൊവ്വാഴ്‌ച രാവിലെയാണ് വെടിവെപ്പുണ്ടായത്. 20 പേര്‍ക്ക് വെടിവെപ്പില്‍ പരിക്കേറ്റു. അവരിൽ ചിലരുടെ നില ഗുരുതരമാണ്.
കൊല്ലപ്പെട്ട ഫലസ്തീനികള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ പതിനായിരങ്ങളെത്തി. ഇസ്രായേല്‍ ആക്രമണത്തെ അപലപിച്ച് ഫലസ്തീന്‍ പതാകയും കറുത്ത ബാനറുമേന്തിയാണ് ജനങ്ങള്‍ വിലാപയാത്രയില്‍ അണിനിരന്നത്.
ആക്രമണത്തെയും കൊലപാതകങ്ങളെയും ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് അപലപിച്ചു. ഇത് യുദ്ധക്കുറ്റമാണെന്ന് അദ്ദേഹം പ്രതികരിച്ചു. ഐക്യരാഷ്ട്രസഭയും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും അടിയന്തരമായി ഇടപെടണമെന്ന് ഫലസ്തീന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.