കൊച്ചി: കൊച്ചി ഗിരിനഗറിൽ പ്ലാസ്റ്റിക് കവറിനുള്ളിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൊലപാതകം ശ്വാസം മുട്ടിച്ചെന്ന് പൊലീസ്. ഭർത്താവിനെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഫോൺ രേഖകൾ പ്രകാരം ഇയാൾ കഴിഞ്ഞ വെള്ളിയാഴ്ച കൊച്ചി നഗരം വിട്ടതായാണ് സൂചനകൾ.
വീട്ടുടമയ്ക്ക് നൽകിയ മേൽവിലാസം മഹാരാഷ്ട്രയിലേതെങ്കിലും ഇരുവരും നേപ്പാൽ സ്വദേശികളെന്ന് പൊലീസ് കണ്ടെത്തി. എറണാകുളത്തെ താമസ സ്ഥലത്ത് ഇവർ നൽകിയിരിക്കുന്നത് താത്കാലിക മേൽവിലാസമാണ്. ദന്പതികളുടെ പേരുകളിൽ അവ്യക്തതയുണ്ടെന്നും വീട്ടുടമയ്ക്ക് നൽകിയ ഇരുവരുടെയും തിരിച്ചറിയൽ രേഖ വ്യാജമാണെന്ന് സംശയിക്കുന്നതായും പോലീസ് വ്യക്തമാക്കി.
ലക്ഷ്മി എന്ന മഹാരാഷ്ട്ര സ്വദേശിനിയാണ് കൊല്ലപ്പെട്ടതെന്നായിരുന്നു പോലീസിന്റെ ആദ്യ അനുമാനം. ഇവർക്കൊപ്പം താമസിച്ചിരുന്ന ഭർത്താവും മഹാരാഷ്ട്ര സ്വദേശിയുമായ റാം ബഹദൂർ ബിസ്ത്തിനെ കാണാനില്ല. ഇയാൾക്കായി പോലീസ് മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയാണ്.
ഇരുവരും കഴിഞ്ഞ ഒന്നര വർഷമായി കൊച്ചിയിൽ താമസിക്കുന്നുണ്ടെന്നാണ് പോലീസിന്റെ അന്വേഷണത്തിൽ വ്യക്തമായത്. തിരിച്ചറിയൽ രേഖ വ്യാജമാണെന്ന് വ്യക്തമായതോടെ ഇവരുടെയും യഥാർഥ വിവരങ്ങൾക്കായി പോലീസ് അന്വേഷണം തുടങ്ങി.
സംഭവസ്ഥലത്ത് ഫോറൻസിക് സംഘമെത്തി പരിശോധന നടത്തി. പ്ലാസ്റ്റിക് കവറ് കൊണ്ടും കബിളി പുതപ്പ് കൊണ്ടും പൊതിഞ്ഞ് കെട്ടി അഴുകിയ നിലയിലാണ് മൃതദേഹം വീടിനുള്ളിൽ കണ്ടെത്തിയത്.