തിരുവനന്തപുരം: രാജാവിന്റെ അധികാരമുണ്ടെന്ന് കരുതി ചാൻസലർ സ്ഥാനത്തിരിക്കുന്ന ഗവർണർ സംസ്ഥാനത്തിന് അപമാനമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. നിയമംമൂലമാണ് വൈസ് ചാൻസലറെ നിയമിക്കുന്നത്. അതുപോലെയാണ് ചാൻസലറെയും നിയമിച്ചത്. നിയമം മാറ്റിയാൽ ചാൻസലർ ഇല്ല. താൻ ചെയ്യുന്നത് ശരി മറ്റേത് തെറ്റ് എന്ന ശൈലി ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ഗവർണർക്കെതിരായ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാർത്താസമ്മേളനത്തിൽനിന്ന് ചില ചാനലുകളെ വിലക്കിയത് ഫാസിസ്റ്റ് രീതിയാണ്. സ്വേച്ഛാധിപത്യ രീതിയാണിത്. പത്രസമ്മേളനത്തിൽ ഇഷ്ടമുള്ളവർ പങ്കെടുത്താൽ മതിയെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്? ഗവർണർ ചെയ്യുന്നത് ആർഎസ്എസിന് വേണ്ടിയുള്ള കുഴലൂത്താണ്. കേരളത്തിലെ വൈസ് ചാൻസലർമാർ കഴിവുള്ളവരാണ്, അവരെ മാറ്റി ആർഎസ്എസുകാരെ വൈസ് ചാൻസലർ പദവിയിൽ നിയമിക്കാനാണ് ഗവർണർ ശ്രമിക്കുന്നത്. ഗവർണറുടെ നീക്കം മനസ്സിലാക്കിയാണ് എൽഡിഎഫിന്റെ പ്രതിഷേധമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കാനുള്ള ശ്രമമാണ് ഗവർണറുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. സേവ് യൂണിവേഴ്‌സിറ്റി ഫോറം എന്ന പേരിൽ ഒരു കടലാസ് സംഘടനയുണ്ട്. അതിന്റെ കണ്ണിയാണ് പ്രതിപക്ഷനേതാവ്. ഗവർണറുടെ നിലപാട് പിന്താങ്ങിയതോടെ പ്രതിപക്ഷനേതാവ് വർഗീയതയെയാണ് പിന്തുണക്കുന്നതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
ഗവർണർക്കെതിരെ തിരുവനന്തപുരത്ത് പ്രതിഷേധം നടന്നു. ജനറൽ പോസ്റ്റ് ഓഫീസിലേക്കാണ് മാർച്ച് നടന്നത്. പാളയത്തെ രക്ത സാക്ഷി മണ്ഡപത്തിൽ നിന്നാണ് പ്രതിഷേധം ആരംഭിച്ചത്. ഗവർണർ ആർഎസ്എസിന്റെ ചട്ടുകമോ? ചാൻസലർ പദവി ദുരുപയോഗം ചെയ്ത് ഗവർണർ നടത്തുന്ന ജനാധിപത്യ വിരുദ്ധ നടപടികൾക്കെതിരെ പ്രതിഷേധിക്കുക എന്നാരോപിച്ചാണ് എൽഡിഎഫ് പ്രതിഷേധം.
അതേസമയം ഗവർണർക്കെതിരായ പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ ഒരു ലക്ഷംപേരെ പങ്കെടുപ്പിക്കാൻ സിപിഐഎം തീരുമാനിച്ചു. ജില്ലാ കേന്ദ്രങ്ങളിൽ വൻ പങ്കാളിത്തത്തോടെ പ്രതിഷേധ പരിപാടി നടത്തും. പ്രതിഷേധ രീതി വിലയിരുത്താൻ എൽഡിഎഫ് യോഗം ചേരും.സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പങ്കെടുക്കും. മുഖ്യമന്ത്രി പങ്കെടുക്കുന്നതിൽ തീരുമാനം പിന്നീട്. നവംബർ 15നാണ് രാജ്ഭവന് മുന്നിലെ പ്രതിഷേധത്തിൽ ഒരു ലക്ഷം പേരെ പങ്കെടുപ്പിക്കാൻ ഇടതുമുന്നണിയുടെ തീരുമാനം.
രാജ്ഭവന് മുന്നിലെ പ്രതിഷേധ പരിപാടിക്ക് ഒപ്പം എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധ കൂട്ടായ്മകൾ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. പ്രതിഷേധ രീതി വിലയിരുത്താൻ ഇടതുമുന്നണി നേതാക്കളുടെ യോഗം പ്രതിഷേധത്തിന് മുൻപ് വീണ്ടും ചേരാനും തീരുമാനമായിട്ടുണ്ട്. എന്നാൽ ഗവർണർക്കെതിരായ പ്രതിഷേധങ്ങൾക്ക് ഇന്ന് മുതലാണ് തുടക്കം. സംസ്ഥാന വ്യാപകമായി ഇന്നും നാളെയും പ്രതിഷേധ പ്രകടനങ്ങൾ നടക്കും.