കല്‍പ്പറ്റ: വയനാട്ടില്‍ കാറിന് നേരെ കാട്ടാനയുടെ ആക്രമണം. കണ്ണൂര്‍ സ്വദേശിയായ ഹഫീസും കുടുംബവും സഞ്ചരിച്ചിരുന്ന കാറിന് നേരെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. യാത്രക്കാര്‍ യാതൊരുവിധ പരിക്കുകളുമില്ലാതെ രക്ഷപ്പെട്ടു.
തലപ്പുഴ മക്കിമല റൂട്ടിലാണ് സംഭവം. മക്കിമലയില്‍ പോയി തിരികെ വരുമ്പോഴാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ കാറിന്റെ പിന്‍ഭാഗം ഭാഗികമായി തകര്‍ന്നു. കാറില്‍ ഹഫീസിന് പുറമേ ഭാര്യയും മകനുമാണ് ഉണ്ടായിരുന്നത്. വിവരം അറിഞ്ഞ് വനപാലകര്‍ എത്തി. ഏറെ നേരത്തെ ശ്രമങ്ങള്‍ക്ക് ഒടുവില്‍ കാട്ടാനയെ കാട്ടിലേക്ക് തുരത്തി.
അതേസമയം, വയനാട്ടിലെ വന്യജീവി ആക്രമണങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി എംപി. ഇക്കാര്യം ചൂണ്ടിക്കാട്ടി വയനാട് എംപി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.
ജില്ലയുടെ വിവിധ ജനവാസ കേന്ദ്രങ്ങളിൽ വന്യമൃഗങ്ങളുടെ സാന്നിധ്യവും ആക്രമണവും വർധിച്ചു വരുന്നത് ഭീതിജനകമാണ്. അടുത്തിടെ വളർത്തുമൃഗങ്ങളെ കടുവ ആക്രമിക്കുന്ന നിരവധി സംഭവങ്ങൾക്ക് വയനാട് സാക്ഷ്യം വഹിച്ചു.
വയനാട് പാർലമെന്റ് മണ്ഡലത്തിൽ നെന്മേനി പഞ്ചായത്തിലെ ചീരാലിലും മീനങ്ങാടി, മുള്ളൻകൊല്ലി, പുൽപ്പള്ളി പഞ്ചായത്തുകളിലും സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയിലും വളർത്തുമൃഗങ്ങൾ പതിവായി ആക്രമിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യുന്നു.
സുൽത്താൻ ബത്തേരിയിലെ ബീനാച്ചി എസ്റ്റേറ്റിൽ കടുവ ഉൾപ്പെടെയുള്ള നിരവധി വന്യജീവികൾ യഥേഷ്ടം വിഹരിക്കുന്നു എന്ന നിവേദനങ്ങൾ തനിക്ക് ലഭിച്ചിട്ടുണ്ട്. ഇടതിങ്ങിയ അടിക്കാടുകളും എസ്റ്റേറ്റുകൾക്ക് മതിയായ വേലിയില്ലാത്തതും വന്യമൃഗങ്ങൾ ജനവാസ മേഖലകളിലേക്ക് വരുവാൻ കാരണമാകുന്നു. ഇത് ദേശീയപാതയോട് ചേർന്നുള്ളതായതിനാൽ വാഹന യാത്രക്കാർക്കും വലിയ അപകടഭീഷണിയാണ് ഉയർത്തുന്നതെന്നും രാഹുൽ ഗാന്ധി കത്തിൽ ചൂണ്ടിക്കാട്ടി.