കോയമ്പത്തൂര്‍: കോയമ്പത്തൂർ സ്ഫോടനക്കേസിൽ പ്രതികളെയെല്ലാം തിരിച്ചറിഞ്ഞെന്ന് കോയമ്പത്തൂര്‍ സിറ്റി പോലീസ് കമ്മീഷണർ വി ബാലകൃഷ്ണൻ. പിടിയിലായവര്‍ക്കെതിരെ യുഎപിഎ ചുമത്തി. സ്ഫോടനത്തിന് ഉയോഗിച്ച കാറ് 10 തവണ കൈമറിഞ്ഞെത്തിയതാണെന്നും കമ്മീഷണര്‍ പറഞ്ഞു. അന്വേഷണ സംഘം വിപുലീകരിക്കും. കൂടുതല്‍ സ്ഥലങ്ങളില്‍ പരിശോധന നടത്തുമെന്നും കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു.
സംഭവത്തില്‍ ഉള്‍പ്പെട്ട എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരില്‍ ചിലര്‍ കേരളത്തില്‍ എത്തിയിരുന്നതായും കമ്മീഷണര്‍ പറഞ്ഞു. പ്രതികളുടെ കേരള സന്ദര്‍ശനത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്‌ഫോടനത്തിന് ഉപയോഗിച്ച കാര്‍ പത്തുതവണ കൈമാറിയാണ് ജമീഷ മുബിന്റെ കൈവശമെത്തിയത്. ഇയാള്‍ക്ക് കാര്‍ സംഘടിപ്പിച്ച് നല്‍കിയത് അറസ്റ്റിലായ മുഹമ്മദ് തല്‍ഹയാണ്. ഇയാള്‍ അല്‍-ഉമ്മ സ്ഥാപകനും 1998-ലെ കോയമ്പത്തൂര്‍ സ്‌ഫോടനക്കേസിലെ മുഖ്യസൂത്രധാരനുമായ ബാഷയുടെ സഹോദരപുത്രനാണെന്നും കമ്മീഷണര്‍ വ്യക്തമാക്കി.
കഴിഞ്ഞദിവസം ജമീഷ മുബീന്റെ വീടിന് സമീപത്തുനിന്ന് കണ്ടെടുത്ത സിസിടിവി ദൃശ്യങ്ങളെ സംബന്ധിച്ചും പോലീസിന് വ്യക്തത ലഭിച്ചിട്ടുണ്ട്. സ്‌ഫോടകവസ്തുക്കള്‍ പ്രതികള്‍ കാറിലേക്ക് കയറ്റുന്നതാണ് ദൃശ്യങ്ങളിലുള്ളതെന്നാണ് പോലീസിന്റെ സ്ഥിരീകരണം. അതേസമയം, ജമീഷ മുബീന്‍ കേരളത്തില്‍ വന്നതായി സ്ഥിരീകരണമില്ലെന്നും പോലീസ് അറിയിച്ചു.
സ്ഫോടനത്തിൽ ഉക്കടം ജിഎം നഗറിലെ ജമേഷ മുബിൻ (25) മരിച്ചിരുന്നു. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ സ്ഫോടക വസ്തുക്കൾ കണ്ടെടുത്തതായും പൊലീസ് പറഞ്ഞു. ചെക്പോസ്റ്റിൽ പൊലീസിനെ കണ്ട യുവാവ് പുറത്തിറങ്ങാൻ ശ്രമിക്കുന്നതിനിടെയാണു സ്ഫോടനമെന്നാണു പൊലീസ് പറയുന്നത്.
ഒക്ടോബർ 23ന് പുലർച്ചെ നാലോടെയാണു സംഭവം. കാറിലുണ്ടായിരുന്ന കാർ ഡ്രൈവറാണു മരിച്ചതെന്നും ഇയാൾ മാത്രമാണു വാഹനത്തിൽ ഉണ്ടായിരുന്നതെന്നും പൊലീസ് അറിയിച്ചു. പൊള്ളാച്ചിക്കു സമീപം കഞ്ചംപെട്ടിയിലെ പ്രഭാകരൻ എന്നയാളുടേതാണു കാർ.
2019-ല്‍ എന്‍.ഐ.എ ചോദ്യംചെയ്തയാളാണ് ജമീഷ മുബീന്‍. എന്‍ജിനിയറിങ് ബിരുദധാരിയായ ഇയാള്‍ക്ക് ഐ.എസ്. കേസില്‍ കേരളത്തില്‍ ജയിലില്‍ കഴിയുന്ന മുഹമ്മദ് അസറുദ്ദീനുമായി ബന്ധമുണ്ടെന്ന വിവരങ്ങളും പുറത്തുവന്നിരുന്നു.
കോയമ്പത്തൂര്‍ സ്‌ഫോടനത്തില്‍ ഇതുവരെ അഞ്ചുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഫിറോസ് ഇസ്മായില്‍, നവാസ് ഇസ്മായില്‍, മുഹമ്മദ് റിയാസ്, മുഹമ്മദ് അസ്ഹറുദ്ദീന്‍, മുഹമ്മദ് തല്‍ഹ എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ കൂടുതല്‍പേര്‍ അറസ്റ്റിലാകുമെന്നാണ് സൂചന. നിലവില്‍ ഏഴുപേര്‍ പോലീസിന്റെ കസ്റ്റഡിയിലുണ്ടെന്നും സൂചനകളുണ്ട്.