സംസ്ഥാനത്തെ രണ്ട് സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാര്‍ക്കു കൂടി ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസ്. ചട്ടപ്രകാരമല്ലാതെ നിയമിച്ച വിസിമാരെ പുറത്താക്കാനുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നീക്കത്തെ തുടർന്നാണിത്. ഡിജിറ്റല്‍ സര്‍വകലാശാല, ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല വിസിമാര്‍ക്കാണ് ഇന്ന് നോട്ടീസ് അയച്ചത്. നവംബര്‍ നാലിനകം വിശദീകരണം അറിയിക്കാനാണ് ഗവര്‍ണറുടെനോട്ടീസില്‍ പറയുന്നത്.
കെടിയു കേസിലെ വിധി പ്രകാരം ഡിജിറ്റല്‍ സര്‍വകലാശാല വിസി സജി ഗോപിനാഥ്, ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല വിസി മുബാറക് പാഷ എന്നിവര്‍ക്ക് തല്‍സ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ലെന്നാണ് കാരണം കാണിക്കല്‍ നോട്ടീസില്‍ പറയുന്നത്. ഇരുവരുടെയും നിയമനത്തില്‍ യുജിസി ചട്ടലംഘനങ്ങളുണ്ട്.
8 വിസിമാരുടെ രാജി ആവശ്യപ്പെട്ടുള്ള നോട്ടീസ് നടപടിക്രമം പാലിച്ചല്ലെന്ന് ഹൈക്കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. സുപ്രീംകോടതി വിധി എല്ലാവര്‍ക്കും ബാധകമാണെന്നും എന്നാല്‍ നടപടിക്രമങ്ങള്‍ പാലിക്കണമെന്നുമാണ് ഹൈക്കോടതി ഇന്നലെ നിര്‍ദ്ദേശിച്ചത്.