വിസിമാരോട് രാജിവെക്കാനാവശ്യപ്പെട്ട ഗവർണറുടെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി. സർവകലാശാലകളിൽ ഇടത് സർക്കാരിന്റെ ഇടപെടലുകളെ ജനാധിപത്യപരമായി എതിർക്കുമെന്നും ഗവർണറുടെ എല്ലാ നിലപാടുകളും മുസ്ലിം ലീഗ് അംഗീകരിക്കില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഗവർണറോടുള്ള നിലപാട് വിഷയാധിഷ്ടിതമാണ്. പ്രതിപക്ഷ നേതാവും ഗവര്‍ണറുടെ നിലപാടുകളെ വിമര്‍ശിച്ചിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജനാധിപത്യ മാർഗത്തിൽ സഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധിക്കും.
‘യുഡിഎഫിലോ ലീഗിലോ അഭിപ്രായ വ്യത്യാസമില്ല. ഗവർണറുടെ എല്ലാ നിലപാടുകളെയും യുഡിഎഫും ലീഗും അനുകൂലിച്ചിട്ടില്ല. സർവകലാശാല പ്രവർത്തനങ്ങളിലെ ഇടതുപക്ഷ സർക്കാരിന്റെ ഇടപെടലുകളെ ശക്തമായി എതിർക്കും, പ്രതിഷേധിക്കും. ഇത് ജനാധിപത്യപരമായിരിക്കും.ഗവർണർ ചെയ്യുന്ന എല്ലാ കാര്യങ്ങളും അംഗീകരിക്കില്ല. വിസിമാരോട് രാജിവെക്കാനാവശ്യപ്പെട്ട ഗവർണറുടെ നിലപാട് അംഗീകരിക്കാനാവില്ല. പകരം ആരെ നിയമിക്കും എന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ ആശങ്കയുണ്ടെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.