ചണ്ഡിഗഡ്: കസ്റ്റഡിയിലിരിക്കെ പ്രതി ദൂരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ഹരിയാന പൊലീസിനെതിരെ കുടുംബം. ഉത്തർപ്രദേശിലെ നജിബാബാദിലെ സേവാറാം പ്രദേശവാസിയായ സഞ്ജീവ് കുമാറാണ് മരിച്ചത്. പൊലീസിൻ്റെ ക്രൂര മർദനം മൂലമാണ് യുപി സ്വദേശി മരിച്ചതെന്ന്‍ കുടുംബം ആരോപിച്ചു. എന്നാൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് വീണാണ് പ്രതി മരിച്ചതെന്നാണ് പഞ്ച്കുള പൊലീസ് പറയുന്നത്.
ഒക്‌ടോബർ 15 നാണ് ഫാർമസി ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തത്. കുമാറിനെ നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസസ് ആക്‌ട്, ഡ്രഗ്‌സ് ആൻഡ് കോസ്‌മെറ്റിക്‌സ് ആക്റ്റ് എന്നിവ പ്രകാരമുള്ള കേസിൽ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പഞ്ച്കുള കോടതിയിൽ ഹാജരാക്കി മൂന്ന് ദിവസത്തെ റിമാൻഡ് ചെയ്ത ശേഷം നജീബാബാദിലേക്ക് കൊണ്ടുവന്നു.
രാത്രിയായതിനാൽ പഞ്ച്കുള പൊലീസ് സംഘം സഞ്ജീവിനൊപ്പം ഹോട്ടലിൽ തങ്ങി. ഞായറാഴ്ച രാവിലെ ഹോട്ടലിന്റെ രണ്ടാം നിലയിലെ ജനലിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ താഴെ വീണാണ് സഞ്ജീവ് മരിച്ചതെന്ന് ഡെപ്യൂട്ടി സൂപ്രണ്ട് ഗജേന്ദ്ര സിംഗ് തിങ്കളാഴ്ച അറിയിച്ചു.