മുംബൈ: മഹാരാഷ്ട്രയിലെ മുംബൈയിൽ യുവാവിനെ മൂന്ന് പേർ ചേർന്ന് അടിച്ചുകൊന്നു. തുറിച്ചുനോക്കിയതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ മൂവരെയും പൊലീസ് അറസ്റ്റ് ചെയ്തു.
തങ്ങളിൽ ഒരാളെ തുറിച്ചുനോക്കിയെന്ന് ആരോപിച്ചാണ് റോണിത് ഭലേക്കർ എന്ന യുവാവിനെ തല്ലി കൊന്നത്. ഞായറാഴ്ചയായിരുന്നു സംഭവം. ഒരു സുഹൃത്തിനോടൊപ്പം മാതുംഗയിലേക്ക് പോകുകയായിരുന്നു റോണിത് ഭലേക്കർ. ഇയാൾ മദ്യലഹരിയിലായിരുന്നു.
ഇതിനിടെ മൂന്ന് പ്രതികളിലൊരാളെ തുറിച്ചുനോക്കിയതിന്റെ പേരിൽ വാക്കേറ്റമുണ്ടായി. പ്രതികൾ ബെൽറ്റ് കൊണ്ട് തലയിൽ അടിക്കുകയും ആവർത്തിച്ച് മർദിക്കുകയും നെഞ്ചിലും വയറിലും ചവിട്ടുകയും അസഭ്യം പറയുകയും ചെയ്തു.
തുടർന്നു യുവാവ് സംഭവസ്ഥലത്തുതന്നെ കുഴഞ്ഞുവീണു. ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കൊലപാതകം അടക്കമുള്ള വകുപ്പുകൾ ചേർത്താണ് മൂന്ന് പേർക്കെതിരെയും കേസ് എടുത്തതെന്നും പൊലീസ് പറയുന്നു.