ഇലന്തൂർ നരബലിക്കേസിൽ പ്രതികളായ മൂന്ന് പേരെയും മജിസ്‌ട്രേറ്റിന് മുൻപിൽ ഹാജരാക്കി റിമാന്റ് ചെയ്തു. ഒന്നാം പ്രതി മുഹമ്മദ് ഷാഫി, രണ്ടാം പ്രതി ഭഗവൽ സിംഗ് എന്നിവരെ കാക്കനാട് ജില്ലാ ജയിലിലേക്കും മൂന്നാം പ്രതി ലൈലയെ വനിതാ ജയിലിലേക്കും മാറ്റി. കസ്റ്റഡി കാലാവധി പൂർത്തിയായതിനെ തുടർന്നാണ് മാജിസ്‌ട്രേറ്റിന് മുൻപിൽ പ്രതികളെ ഹാജരാക്കിയത്..
ഇലന്തൂർ നരബലിക്കേസിൽ കഴിഞ്ഞ പതിമൂന്നിനാണ് മൂന്ന് പ്രതികളെയും പ്രത്യേക അന്വേഷണസംഘം പന്ത്രണ്ട് ദിവസത്തെ കസ്റ്റഡിയിൽ വാങ്ങുന്നത്. ആദ്യ രണ്ട് ദിവസത്തെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇലന്തൂരിലെ നരബലി നടന്ന വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തി. ഡമ്മി പരീക്ഷണം ഉൾപ്പടെ നടത്തിയായിരുന്നു തെളിവെടുപ്പ്. ഫ്രിഡ്ജിൽ നിന്നുള്ള രക്തക്കറ ഉൾപ്പടെ നിർണായകമായ നാൽപത്തിലധികം തെളിവുകൾ ലഭിച്ചു. തുടർന്ന് എറണാകുളം ജില്ലയിലെ വിവിധ സ്ഥലങ്ങളിലെത്തിച്ചും തെളിവ് ശേഖരിച്ചു.
കേസിലെ മുഖ്യപ്രതി ഷാഫിയുടെയും കൊല്ലപ്പെട്ടവരുടെയും മൊബൈൽ ഫോണുകൾ ഇതുവരെ കണ്ടെത്താനായിട്ടില്ല. എന്നാൽ ഫോൺ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. സൈബർ തെളിവുകളും, ശാസ്ത്രീയ തെളിവുകളും കേസിൽ നിർണായകമാകുമെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ.