തിരഞ്ഞെടുപ്പ് കമ്മീഷനെതിരായ ഇമ്രാൻ ഖാന്റെ ഹർജി തള്ളി പാക്കിസ്ഥാൻ കോടതി. തന്നെ അയോഗ്യനാക്കിയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കത്തിനെതിരെയാണ് ഇമ്രാൻ ഖാൻ കോടതിയെ സമീപിച്ചത്. പ്രധാനമന്ത്രിയായിരിക്കെ ഔദ്യോഗിക സന്ദർശനവേളയിൽ സമ്പന്ന അറബ് ഭരണാധികാരികളിൽ നിന്ന് ലഭിച്ച സമ്മാനങ്ങൾ ഇമ്രാൻ ഖാൻ സ്വകാര്യമായി വിറ്റ് പണമുണ്ടാക്കിയെന്നതാണ് ഇമ്രാൻ ഖാനെതിരെയുള്ള ആരോപണം. അഞ്ച് വർഷത്തേയ്ക്കാണ് ഇമ്രാൻ ഖാനെ തിരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യനാക്കിയത്.
ഇമ്രാൻ ഖാന് പാർലമെന്റ് അംഗത്വവും നഷ്ടപ്പെട്ടിരുന്നു. അഴിമതി നടപടികളിൽ തീരുമാനമെടുക്കാനോ ആളുകളെ അയോഗ്യരാക്കാനോ ഉന്നത തിരഞ്ഞെടുപ്പ് ബോഡിക്ക് അധികാരമില്ലെന്നാണ് ഇമ്രാൻ ഖാൻ ഹർജിയിൽ പറഞ്ഞത്.അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ ബോഡിയുടെ വിധി താൽക്കാലികമായി നിർത്തിവയ്ക്കാൻ ഹൈക്കോടതിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. വിദേശത്തെ പല പ്രമുഖരിൽ നിന്നും, സ്റ്റേഗ് ഗിഫ്റ്റ് ഡെപ്പോസിറ്ററിയിൽ നിന്നും ഇമ്രാൻ ഖാൻ ഗിഫ്റ്റുകൾ സ്വീകരിച്ചുവെന്നും എന്നാൽ തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ സമർപ്പിച്ച പ്രസ്താവനയിൽ ഇത്തരം സമ്മാനങ്ങളുടേയും സ്വത്തുക്കളുടേയും കാര്യം വെളിപ്പെടുത്തിയിട്ടില്ലെന്നുമാണ് പരാതിയിൽ പറഞ്ഞിരുന്നത്.