ബിരിയാണി മസാലകള്‍ പുരുഷന്മാരില്‍ ലൈംഗികാസക്തി കുറയ്ക്കുന്നുവെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് രബീന്ദ്ര നാഥ് ഘോഷ്.കടകള്‍ക്ക് ലൈസന്‍സില്ലെന്ന് കണ്ടെത്തിയതിനു പിന്നാലെ ബംഗാളിലെ കൂച്ച് ബിഹാറിലെ രണ്ട് പ്രാദേശിക ബിരിയാണി കടകള്‍ അടച്ചുപൂട്ടി.
‘ബിരിയാണി ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ചേരുവകളും മസാലകളും പുരുഷന്മാരിലെ ലൈംഗികാസക്തി കുറയ്ക്കുമെന്ന് നിരവധി പേര്‍ ആരോപിക്കുന്നുണ്ട്. എന്നാല്‍ ഈ മസാലകള്‍ ഏതൊക്കെയാണെന്ന് അറിയില്ല. കഴിഞ്ഞ കുറേ ദിവസങ്ങളായി പ്രദേശത്തെ ജനങ്ങള്‍ക്ക് പരാതിയുണ്ട്’, എന്ന് രവീന്ദ്ര നാഥ് ഘോഷ് പറഞ്ഞു.
ഇതിനിടെ ആരോപണത്തില്‍ പ്രതികരണവുമായി കൂച്ച് ബിഹാര്‍ മുനിസിപ്പാലിറ്റി ചെയര്‍മാന്‍ രംഗത്തെത്തി. ബിഹാര്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആളുകള്‍ പ്രദേശത്ത് ബിരിയാണി വില്‍ക്കുന്നുണ്ടെന്നും കടകള്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിലെ മുന്‍ മന്ത്രിയാണ് ഘോഷ്.