തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ കാറിലെ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചതിന് പിന്നാലെ, ഡിഎംകെ സര്‍ക്കാരിനെതിരെ സംസ്ഥാന ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ. സ്ഫോടനത്തെ ‘ഐസിസ് ബന്ധമുള്ള ഭീകരപ്രവര്‍ത്തനം’ എന്നാണ് ബിജെപി വിശേഷിപ്പിക്കുന്നത്. പൊള്ളാച്ചിയില്‍ രജിസ്റ്റര്‍ ചെയ്ത മാരുതി 800 കാറാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചത്.
‘കോയമ്പത്തൂരിലേത് വെറുമൊരു ‘സിലിണ്ടര്‍ സ്ഫോടനം’ അല്ല. ISIS ബന്ധങ്ങളുള്ള വ്യക്തമായ ഒരു ഭീകരപ്രവര്‍ത്തനമാണിത്. തമിഴ്‌നാട് മുഖ്യമന്ത്രി ഇത് തുറന്നുപറയുകയും അംഗീകരിക്കുകയും ചെയ്യുമോ? തമിഴ്‌നാട് സര്‍ക്കാര്‍ ഈ വിവരം മറച്ചുവെക്കുകയാണോ? ഇപ്പോള്‍ 12 മണിക്കൂര്‍ പിന്നിട്ടിരിക്കുന്നു. ഇത് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന്റെയും ഡിഎംകെ സര്‍ക്കാരിന്റെയും വ്യക്തമായ പരാജയമല്ലേ?’- എന്ന് കെ അണ്ണാമലൈ ട്വിറ്ററില്‍ കുറിച്ചു.
സാധാരണ ചാവേറാക്രമണങ്ങള്‍ക്ക് പിന്തുടരുന്ന രീതി തന്നെയാണ് ഇവിടേയും ഉണ്ടായിരിക്കുന്നത്. സ്‌ഫോടനം നടന്ന കാറിനകത്ത് നിന്ന് മാര്‍ബിള്‍ ചീളുകളും ആണികളും കണ്ടെത്തി. സ്‌ഫോടനത്തിന്റെ തീവ്രത കൂട്ടാനാകാം ഇവ നിറച്ചതെന്നാണ് സംശയം.