ബിഹാറിലെ ഔറംഗാബാദിൽ അഞ്ച് പേർ നദിയിൽ മുങ്ങി മരിച്ചു. 40കാരനും നാല് കൗമാരക്കാരായ പെൺകുട്ടികളുമാണ് മുങ്ങി മരിച്ചത്. ഹമിദ്നഗർ ഗ്രാമത്തിൽ ഞായറാഴ്ചയാണ് സംഭവം. 13 വയസിനും 15നും ഇടയിലുള്ള നാല് പെൺകുട്ടികൾ തുണി കഴുകുന്നതിനായി പുൻപുൻ നദിയിലേക്ക് വന്നതായിരുന്നു.
അതിനിടെ പെൺകുട്ടികളിലൊരാൾ നദിയിലെ ഒഴുക്കിൽപെട്ടു. മറ്റ് മൂന്നുപേർ പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചു. എന്നാൽ അവർക്ക് രക്ഷിക്കാനായില്ലെന്ന് മാത്രമല്ല, അവരും ഒഴുക്കിൽ പെട്ടു. ഇത് കണ്ട ഒരാൾ ഇവരെ രക്ഷിക്കുന്നതിനായി നദിയിലേക്ക് ചാടുകയായിരുന്നു. എന്നാൽ ഒഴുക്കിൽപ്പെട്ട കുട്ടികൾ എല്ലാവരും ഭയപ്പെട്ട് ഇദ്ദേഹത്തെ മുറുക്കെ പിടിക്കാൻ ശ്രമിച്ചു. അതോടെ അഞ്ചുപേരും മുങ്ങിപ്പോവുകയായിരുന്നെന്ന് ദൗദ്നഗർ സബ് ഡിവിഷണൽ മജിസ്ട്രറ്റ് അനുപം സിങ് പറഞ്ഞു.