സർവകലാശാലകളെ അനാഥമാക്കി മാറ്റാനുള്ള നീക്കം അംഗീകരിക്കാൻ കഴിയില്ലെന്ന് മന്ത്രി ആർ. ബിന്ദു. ഉന്നത വിദ്യാഭ്യാസ മേഖലയെ പിന്നോട്ടടിക്കുന്ന നടപടിയാണിത്. ഇപ്പോൾ പറയുന്ന കാര്യത്തിന് ഗവർണർ തന്നെയും പുറത്താക്കിയേക്കും. പക്ഷെ ഇക്കാര്യങ്ങൾ പറയാതിരിക്കാൻ കഴിയില്ല. ഒരു കൂടിയാലോചനയും നടത്താതെയാണ് അസാധാരണമായ ഈ തീരുമാനം ഗവർണർ എടുത്തത്. ഉന്നതവിദ്യാഭ്യാസ മേഖലയെ സ്തംഭിപ്പിക്കാനാണ് ശ്രമമെന്നും മന്ത്രി വിമർശിച്ചു.
ഒൻപത് സർവകലാശാല വി.സിമാരോടും രാജിവയ്ക്കാനാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആവശ്യപ്പെട്ടത്. 21ന് പുറത്തുവന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നിർദ്ദേശം. കേരള, എം.ജി, കുസാറ്റ്, ഫിഷറീസ്, കണ്ണൂർ, കാലടി, സാങ്കേതിക സർവകലാശാല, കാലിക്കറ്റ്, മലയാളം സർവകലാശാലാ വിസിമാരോടാണ് ഗവർണർ രാജി ആവശ്യപ്പെട്ടത്. നാളെ രാവിലെ 11.30ന് മുമ്പ് രാജി വെക്കണമെന്നാണ് ഗവർണറുടെ നിർദേശം.