കൊച്ചി: പ്രാദേശിക സിവില്‍ സമുദ്ര സുരക്ഷ ശക്തമാക്കാന്‍ ഓസ്ട്രേലിയ പ്രതിജ്ഞാബദ്ധമാണെന്ന് കമാന്‍ഡര്‍ മാരിടൈം ബോര്‍ഡര്‍ കമാന്‍ഡ്/ കമാന്‍ഡര്‍ ജോയിന്‍റ് ഏജന്‍സി ടാസ്ക് ഫോഴ്സ്, ഓപ്പറേഷന്‍ സോവറിന്‍ ബോര്‍ഡേഴ്സ് കമാന്‍ഡറും റോയല്‍ ഓസ്ട്രേലിയന്‍ നേവി റിയല്‍ അഡ്മിറലുമായ ജസ്റ്റിന്‍ ജോണ്‍സ് വ്യക്തമാക്കി.
സിവില്‍ സമുദ്ര സുരക്ഷയുമായി ബന്ധപ്പെട്ട് പ്രാദേശിക പങ്കാളിത്തമായി പ്രവര്‍ത്തിക്കുന്ന ഏഷ്യന്‍ കോസ്റ്റ് ഗാര്‍ഡ് ഏജന്‍സി തലവന്മാരുടെ ഡല്‍ഹിയില്‍ നടന്ന സമ്മേളനത്തിലാണ്, ഇന്ത്യയില്‍ സന്ദ്രര്‍ശനം നടത്തുന്ന ജസ്റ്റിന്‍ ജോണ്‍സ് തങ്ങളുടെ പ്രതിബദ്ധത ആവര്‍ത്തിച്ചു വ്യക്തമാക്കിയത്.
ഓസ്ട്രേലിയയുടെ തന്ത്രപ്രധാന പങ്കാളികളുമായുള്ള കൂടിക്കാഴ്ചകള്‍ ഇത്തരം ബന്ധങ്ങള്‍ ശക്തിപ്പെടുത്തും. തുടര്‍ച്ചയായ സംഭാഷണങ്ങളും വിവരങ്ങള്‍ പങ്കുവയ്ക്കേണ്ടതിന്‍റെ ആവശ്യകതയും റിയര്‍ അഡ്മിറല്‍ ജോണ്‍സ് എടുത്തുകാണിച്ചു. ഏഷ്യന്‍ മേഖലയിലെ എല്ലാ പ്രധാന കോസ്റ്റ് ഗാര്‍ഡ് ഏജന്‍സികളുമായും ഓസ്ട്രേലിയ പുലര്‍ത്തുന്ന ദീര്‍ഘകാല ബന്ധങ്ങളും സിവില്‍ സമുദ്ര സുരക്ഷാ കാര്യങ്ങളില്‍ സഹകരണവും ശക്തിപ്പെടുത്തുന്നതിനു നടത്തുന്ന ഇടപഴകലുകളും ജോണ്‍സ് ചൂണ്ടിക്കാട്ടി.
നിയമാനുസൃതമായ വ്യാപാരവും യാത്രയും സുഗമമാക്കുന്നതിനും സമുദ്ര കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള സഹകരണത്തിനും സഹായിക്കുന്ന ബന്ധങ്ങളെ ഓസ്ട്രേലിയ എങ്ങനെ വിലമതിക്കുന്നു എന്ന് ഈ സന്ദര്‍ശനം കൂടുതല്‍ തെളിയിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
“കടലില്‍ നടക്കുന്ന കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിന് മേഖലയിലെ എല്ലാ പങ്കാളികളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഓസ്ട്രേലിയ പ്രതിജ്ഞാബദ്ധമാണ്. പ്രത്യേകിച്ച് ജീവനും ക്ഷേമവും പരിഗണിക്കാതെ ദുര്‍ബലരായ ആളുകളെ ചൂഷണം ചെയ്യുന്ന കേരളത്തിലെ മനുഷ്യ കള്ളക്കടത്ത് ഇല്ലാതാക്കാന്‍. “, അദ്ദേഹം വ്യക്തമാക്കി.
സിവില്‍ സമുദ്ര സുരക്ഷയുമായി ബന്ധപ്പെട്ട് ഓസ്ട്രേലിയ അടുത്തിടെ ശ്രീലങ്കന്‍ നേവിയുമായി സഹകരിച്ച് ആറു മനുഷ്യക്കടത്ത് ശ്രമങ്ങളെ തടയുകയും
183 പേരെ സുരക്ഷിതമായി തിരിച്ചയ്ക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ അടുത്തയിടെ മാറിയെങ്കിലും മനുഷ്യക്കടത്തിനെതിരേയുള്ള ഓസ്ട്രേലിയന്‍ നയത്തില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മേഖലയിലെ സമുദ്ര സുരക്ഷാ വെല്ലുവിളികള്‍ നേരിടുന്നതിന് തങ്ങളുടെ പങ്കാളികളുമായി ആഴത്തിലുള്ള സഹകരണം ഊട്ടി ഉറപ്പിക്കുവാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നും റിയല്‍ അഡ്മിറല്‍ ജോണ്‍സ് വ്യക്തമാക്കി.