ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ പടക്കക്കടയ്ക്ക് തീപ്പിടിച്ച് രണ്ട് മരണം. ഇന്ന് രാവിലെ 7:30ന് ഗാന്ധിനഗർ ലോക്കലിലെ ജിംഖാന ഗ്രൗണ്ടിലാണ് സംഭവം. വിജയവാഡ സ്വദേശി കാസി, പിഡുഗുരല്ല സ്വദേശി സാംബ എന്നിവരാണ് മരിച്ചത്. ദീപാവലിയുമായി ബന്ധപ്പെട്ട് ആരംഭിച്ച കടകളിൽ ഒന്നിലാണ് തീപ്പിടിത്തവും സ്ഫോടനവും ഉണ്ടായത്.
വാനിൽ നിന്ന് പടക്കങ്ങൾ ഇറക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. വലിയ ശബ്ദത്തോടെ പടക്കങ്ങൾ പൊട്ടുന്നതിന്‍റെയും സ്ഫോടനം നടക്കുന്നതിന്റേയും കടയിൽ വ്യാപകമായി തീപടർന്നതിന്‍റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
കടയ്ക്ക് സുരക്ഷാ ലൈസൻസ് നൽകിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. നാടൻ പടക്കങ്ങളാണോ അപകടത്തിന് കാരണമെന്ന് സംശയമുണ്ടെന്നും യഥാർഥ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും വിജയവാഡ പൊലീസ് കമീഷണർ കാന്തി റാണ പറഞ്ഞു.