കൊല്ലം: ഏറെ ചർച്ചയായ കിളികൊല്ലൂരിലെ പോലീസ് മര്‍ദനത്തില്‍ പരിക്കേറ്റ സൈനികനായ വിഷ്ണുവിന്റെ വീട്ടിൽ പാങ്ങോട് സൈനിക ക്യാമ്പിലെ ഉദ്യോഗസ്ഥരെത്തി വിവരങ്ങൾ ശേഖരിച്ചു. പൊലീസിൽ നിന്നുണ്ടായ അക്രമ വിവരങ്ങളും വ്യാജ കേസിന്റെ വിശദാംശങ്ങളുമാണ് ഉദ്യോഗസ്ഥർ പ്രധാനമായും ചോദിച്ചറിഞ്ഞത്. സൈനികനെ അറസ്റ്റ് ചെയ്താൽ 24 മണിക്കൂറിനകം വിവരം സൈന്യത്തെ അറിയിക്കണമെന്നുള്ളപ്പോഴാണ് പൊലീസിന്റെ ഭാഗത്ത് നിന്നും വീഴ്ച്ചയുണ്ടായത്.ആഗസ്റ്റ് 25ന് വിഷ്ണുവിനെ അറസ്റ്റ് ചെയ്തെങ്കിലും സൈനിക ക്യാമ്പിൽ പൊലീസ് അറിയിച്ചത് വൈകിയാണ്.
ഒരു സൈനികന്‍ അവധിയിലാണെങ്കിലും അയാള്‍ ഡ്യൂട്ടിയിലാണെന്നാണ് സൈന്യം കണക്കാക്കുക. ഏതെങ്കിലും കേസില്‍ സൈനികന്‍ പ്രതിയായാല്‍ സമീപത്തെ റെജിമെന്റിനെ അറിയിക്കുകയെന്നതാണ് നിയമം. അങ്ങനെ വരുമ്പോള്‍ തിരുവനന്തപുരം പാങ്ങോട് റെജിമെന്റിലാണ് അറിയിക്കേണ്ടത്. തുടര്‍ന്ന് മിലിട്ടറി പൊലീസ് കേസ് ഏറ്റെടുക്കും. ഇക്കാര്യം സൈന്യത്തെ അറിയിക്കുന്നതില്‍ പൊലീസിന് വീഴ്ചപറ്റി. കേസില്‍ മര്‍ദനം ഉള്‍പ്പെടെയുണ്ടായ ശേഷമാണ് പാങ്ങോട് ഇക്കാര്യം അറിയിച്ചത്. ഇക്കാര്യങ്ങളെല്ലാം സൈന്യം പരിശോധിക്കും.
കിളികൊല്ലൂര്‍ സ്റ്റേഷനിൽ സൈനികനായ വിഷ്ണുവിനെ എ.എസ്.ഐ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തു വിട്ടതിന് പിന്നാലെ പൊലീസ് സേനക്കുള്ളിൽ ഭിന്നത ഉണ്ട്. എ.എസ്.ഐ പ്രകാശ് ചന്ദ്രനെ മാത്രം കുറ്റക്കാരനാക്കി സി.ഐ അടക്കമുള്ള മറ്റ് പൊലീസുകാരെ സംരക്ഷിക്കാൻ വേണ്ടി ഉന്നത ഉദ്യോഗസ്ഥരാണ് സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടതെന്നാണ് ഒരു വിഭാഗം പൊലീസുകാരുടെ ആരോപണം.