ഗുവാഹത്തി: അരുണാചൽ പ്രദേശിലെ സിയാങ് ജില്ലയിൽ കരസേനയുടെ ഹെലികോപ്റ്റർ തകർന്നുവീണ് മലയാളിയടക്കം നാലുസൈനികർക്ക് വീരമൃത്യു. ചെറുവത്തൂർ കിഴക്കേമുറിയിലെ എം.കെ. അശോകന്റെയും കെ.വി. കൗസല്യയുടെയും മകൻ കെ.വി. അശ്വിൻ (24) ആണ് മരിച്ച മലയാളി. കോപ്റ്ററിലുണ്ടായിരുന്ന അഞ്ചാമനെ കണ്ടെത്താൻ തിരച്ചിൽ തുടരുകയാണ്.
നാല് വര്‍ഷമായി അശ്വിന്‍ സൈനിക സേവനത്തിലായിരുന്നു. അശ്വിന്‍ ഉള്‍പ്പെടെ നാല് പേര്‍ക്കാണ് ഹെലികോപ്റ്റര്‍ അപകടത്തില്‍ ജീവന്‍ നഷ്ടമായത്. കഴിഞ്ഞ ഓണത്തിനാണ് അശ്വിന്‍ അവസാനമായി നാട്ടില്‍വന്നത്. ഞായറാഴ്ചയ്ക്കുള്ളില്‍ മൃതദേഹം നാട്ടിലെത്തിക്കുമെന്നാണ് സൂചന.
ഇന്ന് രാവിലെയാണ് അരുണാചല്‍ പ്രദേശില്‍ സൈനിക ഹെലികോപ്റ്റർ തകർന്നുവീണത്. അപ്പർ സിയാംഗ് ജില്ലയിലെ സിഗ്ഗിങ് ഗ്രാമത്തിലെ വനമേഖലയിലാണ് രാവിലെ ഹെലികോപ്റ്റർ തകർന്നുവീണത്. ആകെ അഞ്ച് പേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. ഇവരിൽ നാല് പേരും മരണത്തിന് കീഴടങ്ങി. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗനമനം. മൂന്ന് ഏരിയല്‍ റെസ്‌ക്യൂ സംഘങ്ങള്‍ ചേര്‍ന്നാണ് നാല് മൃതദേഹങ്ങളും കണ്ടെത്തിയത്.
ഒരു തൂക്കുപാലം ഒഴികെ ഗ്രാമത്തിലേക്ക് സഞ്ചരിക്കാവുന്ന റോഡുകളൊന്നും ഇല്ലാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്‌കരമായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രദേശവാസികളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.
ഒക്ടോബറില്‍ മാത്രം രണ്ടാമത്തെ ഹെലികോപ്റ്റര്‍ അപകടമാണ് അരുണാചല്‍ പ്രദേശില്‍ നടക്കുന്നത്. ഈ മാസം ആദ്യവാരം തവാങിലുണ്ടായ ചീറ്റാ ഹെലികോപ്റ്റര്‍ അപകടത്തില്‍ പൈലറ്റിന് ജീവന്‍ നഷ്ടമാവുകയും മറ്റുള്ളവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.