തിരുവനന്തപുരം: കാസർകോട് മഞ്ചേശ്വരത്ത് ഉപജില്ലാ ശാസ്ത്രമേളയുടെ പന്തൽ തകർന്ന് വീണുണ്ടായ അപകടത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. അന്വേഷണത്തിന് എ.ഡി.എമ്മിനെ ചുമതലപ്പെടുത്തിയതായി ജില്ലാ കലക്ടർ അറിയിച്ചു. സംഭവത്തിൽ വിദ്യാഭ്യാസ ഉപഡയറക്ടറോട് റിപ്പോർട്ടും നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്.
സംഭവത്തിൽ കരാറുകാരൻ ഉൾപ്പെടെ നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അശ്രദ്ധമായ നിർമ്മാണത്തിൽ കർശനമായ നടപടിയുണ്ടാവുമെന്ന് ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി. അപകടത്തിൽ 59 വിദ്യാർഥികളാണ് ചികിത്സ തേടിയത്.
അപകടത്തിന്റെ കാരണം ജീവനക്കാരുടെ അനാസ്ഥയാണോ എന്നതുൾപ്പെടെയുള്ള വിവരങ്ങൾ അന്വേഷിച്ച് കണ്ടെത്താനാണ് ഉത്തരവ്. 11 വിദ്യാർഥികൾ മംഗളൂരുവിലെ രണ്ട് സ്വകാര്യ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ്. നാല് വിദ്യാർഥികൾ കാസർകോട് ജനറൽ ആശുപത്രിയിലും ചികിത്സ തേടിയിട്ടുണ്ട്. ചികിത്സയിൽ കഴിയുന്ന വിദ്യാർഥികളുടെ നില ഗുരുതരമല്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം മറ്റു വിദ്യാർഥികളെ വിട്ടയക്കുകയായിരുന്നു. പന്തൽ പൂർണമായും തകർന്ന് കുട്ടികളുടെ മേൽ വീണതാണ് പരിക്കിന് കാരണം. ഷീറ്റും ഇരുമ്പ് പൈപ്പുകളും ഉപയോഗിച്ച് നിർമ്മിച്ച പന്തലാണ് തകർന്നു വീണത്.
നിർമാണത്തിലെ അപാകതയാണ് അപകട കാരണമെന്ന് പൊലീസ് വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് പന്തൽ കരാറുകാരനുൾപ്പെടെ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ചെറിയ കുട്ടികളുൾപ്പെടെയുള്ളവർ പരിപാടി സ്ഥലത്തുണ്ടായിരുന്നു. അതിന്റെ ഗൗരവം കണക്കിലെടുക്കാതെ പന്തൽ അശ്രദ്ധമായി നിർമ്മിച്ചുവെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. സംഭവ സ്ഥലം കാസർഗോഡ് ജില്ലാ മെഡിക്കൽ ഓഫീസർ അടങ്ങുന്ന ഉന്നത സംഘം സന്ദർശിച്ചു. ചികിത്സ തേടുന്ന കുട്ടികളെ ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള സംഘവും സന്ദർശിച്ചെന്നാണ് വിവരം. സംഭവത്തിൽ വിശദീകരണം നൽകാൻ വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിലുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.