തമിഴ‍്നാട്ടിലെ തൂത്തുക്കുടി വെടിവെയ്‌പിൽ നാല് പോലീസ് ഉദ്യോഗസ്‌ഥർക്കു സസ്പെൻഷൻ. പുതുക്കോട്ട സിഐ ആയിരുന്ന തിരുമലൈ, പൊലീസുകാരായ ചുടലക്കണ്ണ്, ശങ്കർ,സതീഷ് എന്നിവരെയാണ് ഡിജിപി ശൈലേന്ദ്രബാബു സസ്പെൻഡു ചെയ്തത്. മൂന്ന് തഹസിൽദാർമാർക്കെതിരെ വകുപ്പുതല നടപടി എടുത്തു. ജസ്റ്റിസ് അരുണ ജഗദീശൻ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
തൂത്തുക്കുടി വെടിവയ്പ്പ് കേസിൽ ജില്ലാ ഭരണകൂടത്തിനും പൊലീസ് ഉദ്യോഗസ്ഥർക്കും വീഴ്ച പറ്റിയതായി കണ്ടെത്തിയിരുന്നു. ജില്ലാ കളക്ടർക്കും മൂന്ന് റവന്യൂ ഉദ്യോഗസ്ഥർക്കുമെതിരെ വകുപ്പുതല നടപടി ആവശ്യപ്പെടുന്ന റിപ്പോർട്ട് അന്വേഷണ കമ്മീഷൻ സർക്കാരിന് കൈമാറിയിരുന്നു.
വെടിവയ്പ്പിൽ മരിച്ചവരുടെ ആശ്രിതർക്ക്, 50 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാനും അരുണ ജഗദീശൻ കമ്മീഷൻ ശുപാർശ ചെയ്തിരുന്നു.